Skip to main content

പടിയൂര്‍ പഞ്ചായത്തിലെ വെള്ളക്കെട്ട്; ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

പടിയൂര്‍ പഞ്ചായത്ത് പുളിക്കല്‍ച്ചിറ പാലം പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. പുളിക്കല്‍ച്ചിറ പാലം നിര്‍മ്മാണത്തോടനുബന്ധിച്ച് താല്‍ക്കാലിക ബണ്ട് നിര്‍മ്മിച്ചതുമൂലം നീരൊഴുക്ക് തടസ്സപ്പെടുകയും മുകുന്ദപുരം താലൂക്കിലെ പടിയൂര്‍ പഞ്ചായത്തിലെ 5, 6 വാര്‍ഡുകളിലും, പൂമംഗലം പഞ്ചായത്തിന്റെ ചില വാര്‍ഡുകളിലും വെള്ളം കയറിയതിന് പരിഹാരം കാണുന്നതിനാണ് അടിയന്തരമായി യോഗം ചേര്‍ന്നത്.

വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് (പാലങ്ങള്‍ വിഭാഗം) ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വലിയ പൈപ്പുകള്‍ സ്ഥാപിച്ച് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കണം. എന്നിട്ടും പ്രശ്നത്തിന് പരിഹാരമാകുന്നില്ലെങ്കില്‍ താല്‍ക്കാലിക ബണ്ടിന്റെ ഭാഗങ്ങള്‍ പൊളിച്ചുമാറ്റിയോ അല്ലാതെയോ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണമെന്നും നിര്‍ദ്ദേശിച്ചു.

നാലമ്പല ദര്‍ശനം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ അപാകതകള്‍ പരിഹരിച്ച് ഗതാഗതം സുഗമമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനായി എറണാകുളം പിഡബ്യുഡി പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്ഥലം സന്ദര്‍ശിച്ച് നിലവിലെ സ്ഥിതി സംബന്ധിച്ചും പ്രശ്നപരിഹാരത്തിന് സ്വീകരിക്കാവുന്ന നടപടികള്‍ സംബന്ധിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി ലഭ്യമാക്കണം. ഒഴുക്കിന് തടസ്സമാകുന്ന രീതിയില്‍ അടിഞ്ഞുകൂടിയ ചണ്ടി, കുളവാഴ എന്നീ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനായി പടിയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് സബ് കളക്ടറെ ചുമതലപ്പെടുത്തി.

യോഗത്തില്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം), മുകുന്ദപുരം തഹസില്‍ദാര്‍, പടിയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എറണാകുളം പിഡബ്യുഡി പാലങ്ങള്‍ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍, തൃശ്ശൂര്‍ പിഡബ്യുഡി പാലങ്ങള്‍ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍, തൃശ്ശൂര്‍ മൈനര്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date