അറിയിപ്പുകൾ
പിആര്‍ഡിയില്‍ ഫോട്ടോഗ്രാഫര്‍ പാനല്‍: അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടാഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്മാരായിരുന്നവര്ക്കും മുന്‍ഗണന. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. ഡിജിറ്റല്‍ എസ്എല്‍ആര്‍/മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരാകണം. വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം ജൂണ്‍ 23ന് വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടിക്കാഴ്ചയുടെയും പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തിലാകും പാനലില്‍ ഉള്‍പ്പെടുത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0495 2370225.
അപേക്ഷാ തിയതി നീട്ടി
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധര്‍/കൈപ്പണിക്കാര്‍/പൂര്‍ണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ടൂള്‍കിറ്റ് വാങ്ങാന്‍ ധനസഹായം നല്കുന്ന പദ്ധതിക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ജൂണ്‍ 30 വരെ നീട്ടി. www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക്: www.bcdd.kerala.gov.in, www.bwin.kerala.gov.in.
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ജൂണ്‍ 30 വരെ നീട്ടി. www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക്: www.bcdd.kerala.gov.in, www.bwin.kerala.gov.in. ഫോണ്‍: 0495 2377786.
പ്രോജക്റ്റ് ട്രെയിനി: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പുരാരേഖ വകുപ്പ് കമ്യൂണിറ്റി ആര്‍ക്കൈവ്സ് പദ്ധതി വഴി കാസര്‍കോഡ് ശ്രീ ചക്രപാണി ക്ഷേത്രത്തില്‍ സൂക്ഷിച്ച താളിയോല രേഖകള്‍ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനായി രണ്ട് പ്രോജക്റ്റ് ട്രെയിനിമാരെ നിയമിക്കും. മേഖലയില്‍ പരിചയമുള്ള പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. സേവന കാലാവധി: രണ്ട് മാസം. പ്രായപരിധി: 36 വയസ്സ്. അപേക്ഷകര്‍ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം സൂപ്രണ്ട്, റീജ്യണല്‍ ആര്‍ക്കൈവ്സ്, സിവില്‍ സ്റ്റേഷന്, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ ജൂണ്‍ 30നകം അപേക്ഷ നല്‍കണം.
മീഡിയ അക്കാദമി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കേരള മീഡിയ അക്കാദമി 2025-26 ബാച്ച് പി ജി ഡിപ്ലോമ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralamediaacademy.org ല്‍ ലഭിക്കും. ഇന്റര്‍വ്യൂ ജൂലൈ ആദ്യവാരം നടക്കും. വിശദ വിവരങ്ങള്‍ ഇ-മെയില്‍ വഴി അറിയിക്കും.
ഗതാഗത നിയന്ത്രണം
കോഴിക്കോട്-രാമനാട്ടുകര-പാറമ്മല്‍ റോഡില്‍ രാമനാട്ടുകര മുതല്‍ പാറമ്മല്‍ ഭാവന ബസ്സ്റ്റോപ്പ് വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂണ്‍ 19 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ടീച്ചിങ് അസിസ്റ്റന്റ് നിയമനം
വയനാട് ജില്ലയിലെ പൂക്കോട് കോളേജ് ഓഫ് ഡെയറി സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഡെയറി മൈക്രോബയോളജി ടീച്ചിങ് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: ബേസിക് ഡിഗ്രി ഇന്‍ ബി.ടെക്ക് ഡെയറി സയന്‍സ്/ഡെയറി ടെക്നോളജി ആന്‍ഡ് എം.ടെക്ക് ഇന്‍ ഡെയറി മൈക്രോബയോളജി, നെറ്റ്. പ്രായപരിധി: 18-41. വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണം.
മുട്ട, പാല് വിതരണം: ടെണ്ടര്‍ ക്ഷണിച്ചു
വനിത-ശിശു വികസന വകുപ്പിന്റെ ഓമശ്ശേരിയിലെ കൊടുവള്ളി അഡീഷണല്‍ ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴില്‍ വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2025-26 വര്‍ഷം മുട്ട, പാല് വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ 148 സെന്ററുകളിലാണ് വിതരണം ചെയ്യേണ്ടത്. ടെണ്ടറുകള്‍ ജൂലൈ രണ്ടിന് ഉച്ചക്ക് ഒരു മണിക്കകം അതത് പഞ്ചായത്തുകളിലെ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്ക് അയക്കണം. ഫോണ്‍: 04922281044.
ഗതാഗത നിയന്ത്രണം
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട പരപ്പന്‍പൊയില്‍-കാരക്കുന്നത്ത് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കാരക്കുന്നത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ബാലുശ്ശേരി മുക്ക് വഴിയോ നരിക്കുനി-പൂനൂര് വഴിയോ താമരശ്ശേരി ഭാഗത്തേക്ക് പോകണം. പരപ്പന്പൊയില്നിന്ന് കാരക്കുന്നത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊടുവള്ളി-നരിക്കുനി-കാരക്കുന്നത്ത് വഴി പോകണം.
ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ : സെമിനാർ ഇന്ന്
കേരള വനിതാ കമ്മീഷൻ പുത്തൂർ യൂത്ത് കലാസാഗർ ലൈബ്രറി വനിതാ സബ് കമ്മിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ' സബ്ജില്ലാ സെമിനാർ ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് കോഴിക്കോട് കോർപ്പറേഷൻ കമ്മ്യൂണിറ്റി ഹാളിൽ (സോണൽ ഓഫീസ് ) നടക്കുന്ന സെമിനാർ വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. കൗൺസിലർ വി.പി. മനോജ് അധ്യക്ഷനായിരിക്കും. കൗൺസിലർമാരായ എസ്.എം. തുഷാര, ഇ.പി. സഫീന എന്നിവർ സംസാരിക്കും. എംഎച്ച്എടി ക്ലിനിക്കൽ സൈക്കോളജി ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻ്റും സൈക്കോളജിസ്റ്റുമായ ഡോ. രേഖ പള്ളിക്കുത്ത് ക്ലാസ്സെടുക്കും. വനിതാ കമ്മീഷൻ പ്രൊജക്ട് ഓഫീസർ എൻ. ദിവ്യ സ്വാഗതവും ലൈബ്രറി വനിതാ സബ് കമ്മിറ്റി സെക്രട്ടറി ഷൈനി നിഷിന്ത് നന്ദിയും പറയും.
- Log in to post comments