Skip to main content

ത്രിവത്സര എല്‍.എല്‍.ബി സ്‌പോര്‍ട്‌സ് ക്വാട്ട : അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലെ മൂന്ന് വര്‍ഷ എല്‍.എല്‍.ബി കോഴ്‌സില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ പ്രവേശനത്തിന് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തില്‍ സംസ്ഥാന പ്രവേശന കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും സ്‌പോര്‍ട്‌സില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ടസ് കൗണ്‍സില്‍, തിരുവനന്തപുരം - 1 എന്ന വിലാസത്തില്‍ ആഗസ്റ്റ് 11 മുമ്പ് സമര്‍പ്പിക്കണം. സംസ്ഥാന പ്രവേശന കമ്മീഷണറുടെ പ്രോസ്‌പെക്ടസില്‍ പ്രതിപാദിച്ച നിബന്ധനകള്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനും ബാധകമാണ്. 2015, 2016 കലണ്ടര്‍ വര്‍ഷങ്ങളില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളില്‍ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയിട്ടുള്ളതാണ് കുറഞ്ഞ യോഗ്യത. മേല്‍ വര്‍ഷങ്ങളില്‍ സ്‌പോര്‍ട്‌സ് രംഗത്തെ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അപേക്ഷകര്‍ മുന്‍ഗണനാക്രമത്തില്‍ അപേക്ഷയുടെ പകര്‍പ്പിനോടൊപ്പം ഉള്ളടക്കം ചെയ്യണം. അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ചാമ്പ്യഷന്‍ഷിപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അതത് കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തണം. സ്‌കൂള്‍ ഗെയിംസ് സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (സ്‌പോര്‍ട്‌സ്) സാക്ഷ്യപ്പെടുത്തണം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നേട്ടങ്ങള്‍ക്ക് മാര്‍ക്ക് അനുവദിക്കുന്നത്. അപൂര്‍ണ്ണമായതും, നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. ഫോണ്‍ : 0471 - 2330167.

പി.എന്‍.എക്‌സ്.3470/17

date