Skip to main content
*

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് വയോജനസൗഹൃദമാകുന്നു

വയോജനസൗഹൃദ അന്തരീക്ഷം ഒരുക്കി മാതൃകയാകാന്‍ ഒരുങ്ങുകയാണ് ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത്. ലക്ഷ്യത്തിലേക്കെത്തുന്നതിന് വിവിധ പദ്ധതികളാണ് നടപ്പിലാക്കുക. 59 വയസ് പൂര്‍ത്തിയായ എല്ലാവരെയും അംഗങ്ങളാക്കി വയോജന കൂട്ടായ്മകള്‍ രൂപീകരിച്ചുകഴിഞ്ഞു.  
വയോജന കൂട്ടായ്മയും സൗഹൃദവും പരസ്പരവിശ്വാസവും വളര്‍ത്തിയെടുത്ത് അവരുടെ കഴിവുകളും അനുഭവജ്ഞാനവും നാടിന്റെ വികസനത്തിനായി വിനിയോഗിക്കുന്നതിനാണ് പദ്ധതികള്‍. കലാ ട്രൂപ്പുകള്‍,  ഇതര വിനോദപ്രവര്‍ത്തനങ്ങള്‍, ചെറുതൊഴിലുകള്‍, ആരോഗ്യപരിരക്ഷ, കൗണ്‍സലിംഗ്, അവകാശങ്ങളെകുറിച്ചുള്ള ബോധവത്ക്കരണം നല്‍കല്‍ തുടങ്ങിയവ സാധ്യമാക്കും. പ്രതിവാരം ഓരോ അംഗങ്ങളുടെയും വീടുകളിലായി ചേരുന്ന യോഗത്തില്‍ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരനിര്‍ദേശങ്ങളുണ്ടാകും. ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ക്ക് വേണ്ട പിന്തുണ നല്‍കുന്നതിനും മുന്‍ഗണന നല്‍കും.
ഒരു വാര്‍ഡിലെ അടുത്തടുത്തുള്ള 50 വീടുകളിലെ 59 വയസ് പൂര്‍ത്തിയാക്കിയവരെ ചേര്‍ത്ത് വയോജന കൂട്ടായ്മയും തിരഞ്ഞെടുത്തവരെ ചേര്‍ത്ത് വാര്‍ഡ് വയോജന ക്ലബും രൂപീകരിച്ചു. പഞ്ചായത്ത്തല വയോജന ക്ലബുകളും രൂപീകരിച്ചു. ഓരോന്നിന്റെയും മേല്‍നോട്ടത്തിന് പ്രത്യേക സമിതിയുമുണ്ട്. പകല്‍വീടിന്റെയും അനുബന്ധപരിപാടികളുടെയും ചുമതല ക്ലബുകള്‍ക്കാണ്.
ആശങ്കകള്‍, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പഞ്ചായത്ത്തല ഉപദേശക സമിതിയും രൂപീകരിച്ചു. പഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും വയോജനസൗഹൃദഅന്തരീക്ഷം ഉറപ്പാക്കേണ്ടതും സമിതിയുടെ ചുമതലയാണ്.  നിയമം, ആരോഗ്യം, സാമൂഹികം, ഐ.ടി, കൗണ്‍സിലിങ് തുടങ്ങിയ മേഖലയില്‍ ഉള്ളവരുടെ വിദഗ്ധ സമിതിയും പഞ്ചായത്ത്തല വയോജന ക്ലബിനെ സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്.
വാര്‍ഡ്-പഞ്ചായത്ത്തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വയോജന ക്ലബുകള്‍ക്ക് ഒത്തുകൂടാന്‍ പകല്‍ വീടിനോട് ചേര്‍ന്ന് ഓഫീസ് പ്രവര്‍ത്തിക്കും.  കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഫോണ്‍, പ്രിന്റര്‍ തുടങ്ങിയ ഭൗതിക സംവിധാനങ്ങളും ഉറപ്പാക്കും.  ഒറ്റപ്പെട്ട് താമസിക്കുന്ന ആളുകളെ വിളിച്ചു കൊണ്ടുവരാനും തിരികെയെത്തിക്കാനും കെയര്‍ ടേക്കറെയും വാഹന സൗകര്യവും ലഭ്യമാക്കും. മൂന്ന് നേരം ഭക്ഷണവും ഉറപ്പാക്കും. യോഗ ക്ലാസുകള്‍, മാനസിക ഉല്ലാസത്തിനായുള്ള പരിപാടികളും സംഘടിപ്പിക്കും.  
വീടുകളിലെത്തി സര്‍വേനടത്തി നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുത്ത ഫാക്കല്‍റ്റിമാരെ നിയോഗിച്ചിട്ടുണ്ട്. വയോജനങ്ങളുടെ വീടുകളില്‍ പോയി രക്തംശേഖരിച്ച് പരിശോധനഫലം അറിയിക്കുന്ന പദ്ധതിയും പഞ്ചായത്തില്‍ ഉടന്‍ ആരംഭിക്കുമെന്നും അടുത്ത മാസത്തോടെ വയോജന സൗഹൃദ പഞ്ചായത്തായി ചാത്തന്നൂരിനെ പ്രഖ്യാപിക്കുമെന്നും പ്രസിഡന്റ് എസ്. കെ ചന്ദ്രകുമാര്‍ പറഞ്ഞു.
 

date