എയ്ഡ്സ് ദിനം ആചരിച്ചു എയ്ഡ്സ് ബാധിതരെ സംരക്ഷിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരണം: മൂവാറ്റുപുഴ നഗരസഭാധ്യക്ഷ
കൊച്ചി: ലോക എയ്ഡ്സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം വിപുലമായ പരിപാടികളോടെ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ചു. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ നിന്നും ആരംഭിച്ച വര്‍ണാഭമായ ഘോഷയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ജില്ലാതല റാലി മൂവാറ്റുപുഴ നഗരസഭാധ്യക്ഷ ഉഷ ശശിധരന് ഫ്ലാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, റെഡ് ക്രോസ് വോളന്റീയര്‍മാര്‍, സ്കൗട്ട് , എന്‍.എസ്.എസ് വോളന്റീയര്‍മാര്‍, എന്നിവരുള്‍പ്പെടെ 1500 ലധികം പേര് വര്‍ണ്ണശബളമായ റാലിയില്‍ പങ്കെടുത്തു.
തുടര്‍ന്ന് ടൗണ്‍ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനം മൂവാറ്റുപുഴ നഗരസഭ അദ്ധ്യക്ഷ ഉഷ ശശിധരന് ഉദ്ഘാടനം ചെയ്തു. എയ്ഡ്സ് ബാധിതരെ സംരക്ഷിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് ഉഷാ ശശിധരന് പറഞ്ഞു. എയ്ഡ്സ് രോഗികളെ ഭീതിപൂര്വം പൊതുജനങ്ങള്‍ അകറ്റി നിര്‍ത്തുകയാണ്. ഉറ്റവരുടെ പോലും സ്നേഹവും പരിഗണനയും ലഭിക്കാതെ പോവുകയാണ് എയ്ഡ്സ് രോഗികള്‍ക്ക്. ഇത്തരമൊരു സമീപനത്തില്‍ മാറ്റം വരുത്തണം. ഇതിനാവശ്യമായ ബോധവത്കരണം പൊതുജനങ്ങളില്‍ നടത്തണം. എച്ച്.ഐ.വി പ്രതിരോധത്തിലും, എച്ച്.ഐ.വി ബാധിതര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പ് വരുത്തുന്നതിലും സമൂഹത്തിന് , പ്രത്യേകിച്ച്, യുവാക്കള്‍ക്ക് പ്രധാന ഉത്തരവാദിത്തമാണുള്ളതെന്നും ഉഷാ ശശിധരന് പറഞ്ഞു.
മൂവാറ്റുപുഴ നഗരസഭാ വൈസ് പ്രസിഡണ്ട് പി കെ ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ രാജി ദിലീപ് ചൊല്ലിക്കൊടുത്തു. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീദേവി, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ അരുണ്‍, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം എ സഫീര്‍, പൊതുമരാമത്തു കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി എം സീതി, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രമീള ഗിരീഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ \ിജാസ് ജുവല്‍, മൂവാറ്റുപുഴ താലൂക്ക് റെഡ് ക്രോസ്സ് ചെയര്മാന് സി.വി. പോള്‍ ചാത്തംകണ്ടം, താലൂക്ക് ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി ജിമ്മി ജോസ് ടി, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷാനി എം.എം, കൗണ്‍സിലര്‍മാരായ കെ.എ അബ്ദുല്‍ സലാം, ബിനീഷ് കുമാര്‍, ബിന്ദു സുരേഷ്കുമാര്‍, സിന്ധു ഷൈജു, ജയകൃഷ്ണന്,പി.പി നിഷ, ശൈലജ അശോകന്, ശീലന ബഷീര്‍, സുനീഷ നൗഷാദ്, ഷിജി തങ്കപ്പന്, സേവ്യര്‍, വിജയകുമാര്‍, ശാസ്ത്ര സാഹിത്യ പരിഷത്ത് സെക്രട്ടറി ജാഫര്‍ സാദിഖ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധകുത്തിവെയ്പുകളെക്കുറിച്ചുള്ള ബോധവത്കരണക്ളാസും ഇതിനോടൊപ്പം സംഘടിപ്പിച്ചിരുന്നു. ഡോ. എം മനു പ്രതിരോധകുത്തിവെയ്പിനെക്കുറിച്ചുള്ള ക്ളാസുകള്‍ നയിച്ചു.
എയ്ഡ്സ് ദിന ജില്ലാതല റാലിയില്‍ മികച്ച ടീമിനുള്ള ഒന്നാം സ്ഥാനം മൂവാറ്റുപുഴ കോളേജ് ഓഫ് നഴ്സിംഗ് നിര്‍മല മെഡിക്കല്‍ സെന്റര്‍ കരസ്ഥമാക്കി. വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല സ്കിറ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ലിസി നഴ്സിംഗ് കോളേജ് എറണാകുളം, രണ്ടാം സ്ഥാനം നേടിയ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ , എറണാകുളം, മൂന്നാം സ്ഥാനം നേടിയ പള്ളുരുത്തി സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ് എന്നിവര്‍ക്ക് ചടങ്ങില്‍ പുരസ്കാരം നല്കി.
എയ്ഡ്സ് ബോധവത്കരണത്തോടനുബന്ധിച്ച് ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച സ്കിറ്റ് ലിസി കോളേജ് ഓഫ് നഴ്സിങ് അവതരിപ്പിച്ചു. വിവിധ കോളേജുകളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
- Log in to post comments