Skip to main content

ട്രാഫിക് നിയമലംഘനങ്ങൾ പിഴയടക്കാൻ മെഗാ ഇ - അദാലത്തുകൾ

 

 

 

ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഭാവിയിൽ പ്രോസിക്യൂഷൻ നടപടികൾ ഉണ്ടാകുമോ ആശങ്കയിലാണോ നിങ്ങൾ? എങ്കിൽ ഇനി ടെൻഷൻ വേണ്ട. പരിഹാരവുമായി എത്തുകയാണ് കൊച്ചി സിറ്റി പൊലീസും മോട്ടോർ വാഹന വകുപ്പും. മെഗാ ഇ- അദാലത്തിലൂടെ പിഴയടക്കാൻ സൗകര്യമാണ് ഇരു വകുപ്പുകളും ചേർന്ന് സംഘടിപ്പിക്കുന്നത്. കറൻസി രഹിതമായി നടത്തുന്നു എന്നതാണ് അദാലത്തിൻ്റെ പ്രത്യേകത.

 

ജൂൺ 24, 25 തീയതികളിൽ ഹൈക്കോടതിക്ക് സമീപത്തുള്ള കൊച്ചി സിറ്റി പൊലീസ് ട്രാഫിക് വെസ്‌റ്റ് എൻഫോഴ്സ്മെന്റ് യൂണിറ്റിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് സമയം. കൊച്ചി നഗരത്തിലുള്ളവർക്കാണ് അദാലത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുള്ളത്. ആധുനിക രീതിയിൽ സംഘടിപ്പിക്കുന്ന അദാലത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത ഓൺലൈൻ സംവിധാനങ്ങളിലൂടെ മാത്രമേ പിഴ അടക്കാൻ സാധിക്കൂ. ഇതിനായി ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകളും യു.പി.ഐ സംവിധാനവും ഉപയോഗിക്കാം.

 

വിവിധ തരത്തിലുള്ള ഗതാഗത നിയമലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പും പൊലീസും ഇ-ചെല്ലാൻ മുഖേന നല്കിയിട്ടുള്ള ഫൈനുകളാണ് ഇതു വഴി തീർപ്പാക്കാൻ കഴിയുക. യഥാസമയം പിഴ അടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചലാനുകളിൽ നിലവിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്ത‌ിട്ടുള്ളവ ഒഴികെ ബാക്കി എല്ലാ ചലാനുകളും പിഴയടച്ച് തീർപ്പാക്കാൻ സാധിക്കും. 

 

അദാലത്തിനായി വെസ്റ്റ് ട്രാഫിക് സ്റ്റേഷനിൽ പ്രത്യേക കൗണ്ടറുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2394218 എന്ന നമ്പരിൽ ട്രാഫിക് സ്റ്റേഷനുമായി ബന്ധപ്പെടാവുന്നതാണ്.

date