കളമശ്ശേരിയുടെ ഭാവി വികസനം : വിവിധ മേഖലയിലെ വ്യക്തികളുമായി സംവദിച്ച് മന്ത്രി പി. രാജീവ്
കളമശ്ശേരി മണ്ഡലത്തിലെ ഭാവി വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് വിവിധ മേഖലയിലെ വ്യക്തികളുമായി സംവദിച്ച് മന്ത്രി പി രാജീവ്. ഏലൂർ ടൗൺ ഹാളിൽ നടന്ന " പബ്ലിക് സ്ക്വയർ" മുഖാമുഖം പരിപാടിയിലാണ് വിവിധ മേഖലയിലെ വ്യക്തികളുമായി മന്ത്രി സംവദിച്ചത്.
പബ്ലിക് സ്ക്വയറിലൂടെ ഉരുത്തിരിഞ്ഞുവരുന്ന അഭിപ്രായങ്ങൾ മണ്ഡലത്തിലെ തുടർ വികസന പ്രവർത്തനങ്ങൾക്ക് വഴികാട്ടിയാകുമെന്ന് മന്ത്രി പറഞ്ഞു.
അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, അധികാരികൾ തുടങ്ങിയവരുമായി ചർച്ച ചെയ്തു വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചു. കുസാറ്റിലെ സിന്തറ്റിക് ട്രാക്ക് നിർമ്മാണം ഉടൻ തന്നെ ആരംഭിക്കും. എടയാർ വ്യവസായ പാർക്കുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും.
ഓപ്പറേഷൻ വാഹിനി പദ്ധതിയിലൂടെ മണ്ഡലത്തിലെ വിവിധ ഇടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്. തോടുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിന് 12 കോടിയുടെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഏലൂരിൽ ഏറ്റെടുത്ത 20 ഏക്കർ ഭൂമിയിൽ നെൽകൃഷി ആരംഭിക്കുന്നതിനുള്ള നടപടികൾ പ്രാരംഭ ഘട്ടത്തിലാണ്. വനിത വിദ്യാർത്ഥി സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കി വരുകയാണെന്നും മന്ത്രി പറഞ്ഞു .
വ്യവസായ മേഖലയിൽ സംസ്ഥാനത്തിനു വലിയ നേട്ടം കൈവരിക്കാൻ സാധിച്ചു. കൂടുതൽ മുന്നേറ്റം ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുകയാണെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ വിവിധ മേഖലയിൽ നിന്നുള്ള വ്യക്തികൾ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉന്നയിച്ചു.
ഏലൂർ നഗരസഭ ചെയർമാൻ എ ഡി സുജിൽ അധ്യക്ഷത വഹിച്ചു.
കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ, വ്യവസായികൾ,വിവിധ സംഘടന പ്രതിനിധികൾ എന്നിവർ മുഖാമുഖം പരിപാടിയുടെ ഭാഗമായി.
- Log in to post comments