Skip to main content

ശബരിമല തീര്‍ഥാടനം: എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം തീര്‍ഥാടക സൗഹൃദമാക്കും - ജില്ലാ കളക്ടര്‍

 

ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ദുരന്തനിവാരണ വിഭാഗം ആരംഭിച്ചിട്ടുള്ള എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം തീര്‍ഥാടക സൗഹൃദമായ രീതിയിലാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ അന്തിമ വിലയിരുത്തലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പോലീസ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ്, റവന്യു, ദേവസ്വംബോര്‍ഡ്, ആരോഗ്യവകുപ്പ് എന്നിവയിലെ ഉദേ്യാഗസ്ഥരുടെ സംഘമായിരിക്കും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളിലുണ്ടാവുക. ഡെപ്യൂട്ടി കളക്ടര്‍മാരുടെ ചുമതലയിലാണ് ഇതിന്റെ പ്രവര്‍ത്തനം. പ്രളയത്തിന്റെയും സുപ്രീംകോടതിയുടെ ഉത്തരവിന്റെയും വെളിച്ചത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞ ഒരു തീര്‍ഥാടന കാലമാണ് മുന്നിലുള്ളത് എന്ന യാഥാര്‍ഥ്യം എല്ലാ ഉദേ്യാഗസ്ഥരും ഉള്‍ക്കൊള്ളണം. ദുരന്തനിവാരണമാണ് ഇഒസികളുടെ പ്രധാന ചുമതലയെങ്കിലും തീര്‍ഥാടകര്‍ക്ക് സഹായകരമായ രീതിയിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്ന രീതിയിലാണ് ഇവ സജ്ജമാക്കിയിട്ടുള്ളത്. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിന്റെ ചുമതല ഇഒസികള്‍ക്കാണ്. ഓരോ സ്ഥലത്തും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദേ്യാഗസ്ഥര്‍ ഇഒസികളിലെത്തി അവരുടെ ഫോണ്‍ നമ്പരും മറ്റ് വിവരങ്ങളും അറിയിച്ച ശേഷമേ ജോലിയില്‍ പ്രവേശിക്കാവൂ. ഉദേ്യാഗസ്ഥര്‍ മാറുമ്പോള്‍ പുതുതായി എത്തുന്ന ഉദേ്യാഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ ബന്ധപ്പെട്ട ഇഒസികളില്‍ അറിയിക്കണം. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജില്ലാതല ഉദേ്യാഗസ്ഥരുടെയും മറ്റ് ഉദേ്യാഗസ്ഥരുടെയും     പ്രതേ്യക വാട്‌സ്അപ് ഗ്രൂപ്പ് ഉണ്ടാക്കി വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറും. ഫീല്‍ഡില്‍ നടക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദേ്യാഗസ്ഥര്‍ വിവരങ്ങള്‍ വാട്‌സ്ആപ് ഗ്രൂപ്പില്‍ അറിയിക്കണം.  ഇതിലൂടെ ജില്ലാതല ഉദേ്യാഗസ്ഥര്‍ക്ക് അടിയന്തര ഇടപെടല്‍ ആവശ്യമായ വിവരങ്ങള്‍ അറിയാനും സത്വര നടപടികള്‍ സ്വീകരിക്കാനും കഴിയും. പരാതികള്‍ ലഭിച്ചാല്‍ അതിന്മേല്‍  തുടര്‍നടപടികള്‍ സ്വീകരിച്ച് ആ വിവരം ബന്ധപ്പെട്ട ഉദേ്യാഗസ്ഥരെ ഉടന്‍ അറിയിക്കാന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദേ്യഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ അലംഭാവം കാട്ടുന്നത് ഗൗരവതരമായി കാണും. 

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സന്നിധാനം, നിലയ്ക്കല്‍, പമ്പ, പെരുനാട്, പത്തനംതിട്ട എന്നീ അഞ്ച് ആശുപത്രികളിലേക്ക് കൂടുതലായി ആവശ്യമായുള്ള ജീവനക്കാരുടെ വിന്യാസം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എല്ലാ ആശുപത്രികളിലും അധികമായി ആവശ്യമുള്ള മരുന്നുകളും എത്തിച്ചിട്ടുണ്ട്. 18 ആംബുലന്‍സുകള്‍ ആരോഗ്യ വകുപ്പ് പമ്പയിലും നിലയ്ക്കലുമായി സജ്ജീകരിച്ചിട്ടുണ്ട്. സന്നിധാനത്തുനിന്ന് അടിയന്തര ഘട്ടങ്ങളില്‍ തീര്‍ഥാടകരെ പമ്പയിലെത്തിക്കുന്നതിന് ദേവസ്വം ബോര്‍ഡിന്റെയും വനം വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള രണ്ട് ഓഫ്‌റോഡ് ആംബുലന്‍സുകള്‍ സന്നിധാനത്ത് സജ്ജമായിട്ടുണ്ട്. മൂന്ന് കാര്‍ഡിയോളജിസ്റ്റുകളെ സന്നിധാനം, അപ്പാച്ചിമേട്, പമ്പ എന്നിവിടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. 

ശബരിമലയിലെയും പ്രധാന ഇടത്താവളങ്ങളിലെയും ശുചീകരണത്തിനായി 1000 വിശുദ്ധിസേനാംഗങ്ങളെയാണ് ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ചുമതലയില്‍ തമിഴ്‌നാട് അയ്യപ്പസേവാസംഘത്തിന്റെ ചുമതലയില്‍ എത്തിച്ചിട്ടുള്ളത്. ഇവരില്‍ 305 പേര്‍ സന്നിധാനത്തും 310 പേര്‍ പമ്പയിലും 350 പേര്‍ നിലയ്ക്കലും 25 പേര്‍ പന്തളത്തും 10 പേര്‍ കുളനടയിലുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക. 

വനം വകുപ്പ് കാനന പാതയിലുണ്ടായിരുന്ന അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റി. വന്യമൃഗ ശല്യം ഒഴിവാക്കുന്നതിനായി ഏഴ് പേര്‍ വീതമുള്ള രണ്ട് എലിഫന്റ് സ്‌ക്വാഡുകളെ പമ്പയിലും പ്ലാപ്പളളിയിലുമായി നിയോഗിച്ചിട്ടുണ്ട്. ളാഹ രാജാംപാറ ഫോറസ്റ്റ് സ്റ്റേഷനില്‍ ഒരു എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ മരം മുറിച്ചുമാറ്റുക, വന്യമൃഗങ്ങളില്‍ നിന്നുള്ള ആക്രമണ ഭീഷണി തടയുക തുടങ്ങിയ ചുമതലകളാണ് എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിനുള്ളത്. പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങള്‍ തീര്‍ഥാടകരിലേക്ക് എത്തിക്കുന്നതിന് കണമല, രാജാമ്പാറ എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ സ്ഥാപിക്കും. 

മോട്ടോര്‍ വാഹന വകുപ്പ് 400 കിലോമീറ്റര്‍ തീര്‍ഥാടന പാതകള്‍ സേഫ് സോണായി പരിഗണിച്ച് പ്രതേ്യക നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ശബരിമല റോഡുകളാണ് സേഫ്‌സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 21 മൊബൈല്‍ സ്‌ക്വാഡുകളാണ് അപകടരഹിത യാത്ര ഉറപ്പാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് വിന്യസിച്ചിട്ടുളളത്. വിവിധ വാഹന നിര്‍മാണ കമ്പനികളുടെ റിക്കവറി വാനുകളുള്‍പ്പെടെ വിപുലമായ സംവിധാനങ്ങളോടെയാണ് സേഫ്‌സോണ്‍ സംവിധാനം നടപ്പാക്കുന്നത്. അപകടങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ സഹായമെത്തിക്കുന്നതിന് കഴിയുന്നരീതിയിലാണ് സേഫ്‌സോണ്‍ സംവിധാനം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ളാഹ, കണമല എന്നിവിടങ്ങളില്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് ചുക്കുകാപ്പി നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ ഉറങ്ങുന്നതുമൂലം വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകുന്നത് ഒഴിവാക്കാനാണിത്. 

പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ലഹരിവ്യാപനം തടയുന്നതിനായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് റേഞ്ച് ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ പ്രദേശങ്ങളില്‍ ലഹരി നിരോധിച്ച് ഉത്തരവായിട്ടുണ്ട്. ഇടത്താവളങ്ങളായ പന്തളം, ആറന്മുള എന്നിവിടങ്ങളില്‍ എക്‌സൈസിന്റെ ഔട്ട് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിമുക്തി പദ്ധതിയുടെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ ലഹരിവിമുക്ത സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലിഫ്‌ലെറ്റുകളുടെ വിതരണവും നടക്കും. 

പ്രളയത്തെത്തുടര്‍ന്ന് തീര്‍ഥാടകരെത്തുന്ന വിവിധ കുളിക്കടവുകളില്‍ അപകടകരമായ സ്ഥിതിയുള്ളതിനാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ബാരിക്കേഡുകള്‍ നിര്‍മിക്കുകയും ചെയ്യണമെന്ന് യോഗത്തില്‍ പങ്കെടുത്ത വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തരമായി സുരക്ഷാ പരിശോധന നടത്തി എല്ലാ കുളിക്കടവുകളിലും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി. 

ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളില്‍ പ്രതേ്യക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബും സജ്ജമാക്കിയിട്ടുണ്ട്. 

പൊതുമരാമത്ത് വകുപ്പ് മിക്ക റോഡുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ചു. അടൂര്‍-പത്തനംതിട്ട, പെരുനാട്-പെരുന്തേനരുവി എന്നീ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കും. ചേത്തോങ്കര-അത്തിക്കയം റോഡിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായാലുടന്‍ നിര്‍മാണം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനായി 300 ബസുകള്‍ നിരത്തിലിറക്കിയിട്ടുണ്ട്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ മിഷന്‍ഗ്രീന്‍ ശബരിമലയുടെ ഭാഗമായി വിതരണത്തിനുള്ള തുണിസഞ്ചികള്‍ തയാറായിട്ടുണ്ട്. ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധനയ്ക്കായി ജില്ലയില്‍ നാല് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. തീര്‍ഥാടന പാതയില്‍ മൊബൈല്‍ കവറേജ് ഉറപ്പാക്കുന്നതിനായി ബിഎസ്എന്‍എല്‍ 12 താത്ക്കാലിക ടവറുകള്‍ സ്ഥാപിച്ചു. 

ഫയര്‍ഫോഴ്‌സ് സന്നിധാനത്ത് 66ഉം പമ്പയില്‍ 72ഉം നിലയ്ക്കലില്‍ 56ഉം ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. പമ്പയില്‍ ഏഴും നിലയ്ക്കലില്‍ എട്ടും പ്ലാപ്പള്ളിയില്‍ ആറും പന്തളത്ത് മൂന്നും ഫയര്‍ ഫൈറ്റിംഗ് വാഹനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. 

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിനായി  സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ വി.ആര്‍.പ്രേംകുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ്, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍, തദ്ദേശഭരണ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                  (പിഎന്‍പി 3745/18)

date