Skip to main content

അന്താരാഷ്ട്ര എം എസ് എം ഇ ദിനാഘോഷവും സംരംഭക സംഗമവും സംഘടിപ്പിച്ചു

അന്താരാഷ്ട്ര എം എസ് എം ഇ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ എം എസ് എം ഇ ദിനാഘോഷവും സംരംഭക സംഗമവും സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനിലെ ആസൂത്രണ ഭവന്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍ ദിനേശ് അധ്യക്ഷനായി. സര്‍ക്കാറിന്റെ സംരംഭക സഹായ പദ്ധതികളിലൂടെ ചെറുകിട വ്യവസായ രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടായതായി എം എല്‍ എ പറഞ്ഞു. ചെറുകിട വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുന്നുണ്ട്. സംസ്ഥാനത്ത് വ്യവസായ സൗഹൃദന്തരീക്ഷം നിലനില്‍ക്കുന്നത് ശുഭപ്രതീക്ഷയാണെന്നും എം എല്‍ എ പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ സംരംഭക മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തികളെ ആദരിച്ചു. തുടര്‍ന്ന് ജില്ലയിലെ സംരംഭകരുടെ അനുഭവങ്ങള്‍ പങ്കുവെക്കല്‍, വ്യവസായ വകുപ്പിന്റെ വിവിധ ധനസഹായ പദ്ധതികളുടെ അവതരണം എന്നിവ നടന്നു. മലപ്പുറം ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ഡോ. ജോര്‍ജ് ജേക്കബ്, കെ എസ് എസ് ഐ എ സംസ്ഥാന സമിതി അംഗം കെ വി അന്‍വര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ സി കെ മുജീബ് റഹ്‌മാന്‍, എ അബ്ദുള്‍ ലത്തീഫ്, പി.സ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.

date