Skip to main content

ഇവിടെയെല്ലാം സ്മാര്‍ട്ട്; ഉദ്ഘാടനത്തിന് ഒരുങ്ങി നീലേശ്വരം തെരു സ്മാര്‍ട്ട് അംഗന്‍വാടി

നീലേശ്വരം തെരുവിലെ കുഞ്ഞുമക്കള്‍ ഇനി മുതല്‍ ഡബിള്‍ സ്മാര്‍ട്ട്. നീലേശ്വരം നഗരസഭയും കാസര്‍കോട് വികസന പാക്കേജും ചേര്‍ന്ന് 26 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിതി കേന്ദ്രം മുഖേന നിര്‍മിച്ച പുതിയ തെരു സ്മാര്‍ട്ട് അംഗന്‍വാടി കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് പുതു നിറം പകരുകയാണ്. കഥകളിലെ രാജകുമാരനും, മുയലും, നിറഞ്ഞു നില്‍ക്കുന്ന ചുമര്‍ചിത്രങ്ങളാണ് കുട്ടികളെ അംഗന്‍വാടിയിലേക്ക് സ്വാഗതം ചെയ്യുന്നത്.

'പഠനം സ്മാര്‍ട്ട് ആകണം, ലോകം മാറിയതുപോലെ പഠനരീതികളും മാറണം'' എന്ന ആശയം ആണ് തെരു സ്മാര്‍ട്ട് അംഗനവാടി യാഥാര്‍ത്ഥ്യമാക്കിയത്. കേവലം പഠനത്തിനു മാത്രമല്ല, ശിശുസൗഹൃദ സൗകര്യങ്ങളും വലിയ നല്‍കികൊണ്ടാണ് അംഗനവാടിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് പ്രത്യേകമായി ഒരുക്കിയ ശിശു സൗഹൃദ ടോയ്ലറ്റുകള്‍, പഠനത്തിനും വിനോദത്തിനും ആയി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഏരിയ, വയസ്സിനനുസരിച്ചുള്ള ഫര്‍ണിച്ചറുകള്‍, എന്നിവയെല്ലാം ആധുനികതയുടെ അടയാളങ്ങളാണ്. അധ്യാപകരുടെയും മുതിര്‍ന്നവരുടെയും സൗകര്യത്തിനായി പ്രത്യേകം ഒരുക്കിയ ടോയ്ലറ്റ് സൗകര്യം, ശുചിത്വം ഉറപ്പാക്കുന്ന ആധുനിക രീതിയിലുള്ള അടുക്കളയും  ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ സുരക്ഷിതവും സൗകര്യപ്രദവുമായ സ്റ്റോറും ഇവയെല്ലാം ആണ് മറ്റു സവിശേഷതകള്‍. കുട്ടികളില്‍ വിജ്ഞാനബോധം വളര്‍ത്തുന്നതിന് പുറമേ, ശാരീരിക-മാനസിക വളര്‍ച്ചയ്ക്കും പ്രാധാന്യം ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത അംഗന്‍വാടി ഉടനെ തന്നെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി ശാന്ത പറഞ്ഞു.
 

date