Skip to main content

ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ ജില്ലയിൽ വിപുലമാക്കുന്നു

 

 

 

 

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. എക്സൈസ് വകുപ്പ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സന്നദ്ധ സംഘടനകൾ ഉൾപ്പെടെ വിവിധ പ്രചാരണ പരിപാടികളാണ് നടത്തി വരുന്നത്. 

 

എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ ജില്ലാതല ഉദ്ഘാടനത്തോടെ ആരംഭിച്ചു. 

 

ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ നാടാകെ ഒരുമിച്ച് കൈകോർത്ത് പ്രവർത്തിക്കണമെന്ന് ടി ജെ വിനോദ് എംഎൽഎ പറഞ്ഞു. എക്സൈസ് വകുപ്പ്, വിമുക്തി മിഷൻ നേതൃത്വത്തിൽ പുല്ലേപ്പടി ദാറുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ. 

 

ഇന്ന് നമ്മുടെ കുട്ടികൾ, യുവാക്കൾ അറിഞ്ഞും അറിയാതെയും തെറ്റിലേക്ക് വഴുതി വീഴുന്ന സാമൂഹിക അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ സർക്കാർ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ വകുപ്പ്, എക്സൈസ്, പോലീസ് എന്നിവയെല്ലാം കൈകോർത്ത് ലഹരി എന്ന മാരകവിപത്തിനെതിരെ ശക്തമായ പോരാട്ടവുമായി മുന്നിലുണ്ട്. ലഹരിക്കെതിരെ പോരാടുക നമ്മുടെ കടമയാണ്. 

 

ആരെങ്കിലും ലഹരിക്ക് അടിമപ്പെട്ടാൽ അതിൽ നിന്ന് അവരെ എങ്ങനെ മോചിപ്പിക്കും എന്നത് സംബന്ധിച്ച ആകുലത പൊതു സമൂഹത്തിലുണ്ട്. എന്നാൽ അതിനെല്ലാം എക്സൈസിൻ്റെ ഭാഗത്തുനിന്ന് മികച്ച പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എങ്കിലും ലഹരി എന്ന വിപത്ത് എക്സൈസ്, പോലീസ് പരിധികൾക്ക് അപ്പുറമാണ് എന്നതിനാൽ നാടാകെ ഒരുമിച്ച് കൈകോർത്ത് ഇതിനെതിരെ പ്രവർത്തിക്കണമെന്നും എംഎൽഎ പറഞ്ഞു. 

 

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി എൻ സുധീർ ബോധവൽക്കരണ ക്ലാസ് നയിച്ചു. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ

ജൂവ്വനപുടി മഹേഷ്, വിമുക്തി മാനേജർ കെ എസ് മുഹമ്മദ് ഹാരിഷ്, സ്കൂൾ മാനേജർ എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, അധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

 

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ എസ് പി സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തു നിന്നും വീക്ഷണം റോഡ് വരെ ബോധവൽക്കരണ റാലിയും, അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സൂമ്പാ ഡാൻസും സംഘടിപ്പിച്ചു.

 

 

ലഹരി പുകയില ഉപയോഗം: പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്

 

 

സമൂഹത്തെ കാർന്നുതിന്നുന്ന മഹാവിപത്തായി മാറിയിരിക്കുന്ന പുകയില ലഹരി ഉപയോഗത്തിനെതിരെ വിപുലമായ പ്രവർത്തനങ്ങളാണ് എറണാകുളം ജില്ലാ ആരോഗ്യവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ലഹരി വിമുക്ത ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ നശാമുക്ത് പ്രവർത്തകർ, സ്‌കൂൾ കൗൺസലർമാർ, പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുമുള്ള പരിശീലകർക്കുവേണ്ടി വിപുലമായ പരിശീലനപരിപാടികൾ സംഘടിപ്പിച്ചു. കൂടാതെ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സുകളും നടന്നുവരുന്നു.

തദ്ദേശ ഭരണസ്ഥാപനങ്ങൾ,ബി.എസ്.എൻ.എൽ ,വിവിധ ലൈബ്രറികൾ,ആശുപത്രികൾ,വയോജന സംഘടനകൾ 

വിവിധ സഹകരണ ബാങ്കുകൾ എന്നിവരുമായി സഹകരിച്ച് ജില്ലയിലിടനീളം വിവിധ മേഖലകളിലുള്ളവർക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.

 

ആരോഗ്യം ആനന്ദം രണ്ടാം ഘട്ട കാമ്പയിനിൽ ലഹരി പുകയില വിമുക്ത വിദ്യാലയ പ്രവർത്തനങ്ങളും, ടുബാക്കോ സസ്സേഷൻ ക്ലിനിക്കുകൾ, പുകയില ഉത്പന്നങ്ങൾക്കെതിരെയുള്ള COTPA 2023 നിയമം ശക്തമാക്കിയുള്ള കർശന പരിശോധനകൾ, പുരുഷന്മാരിലെ വദനാർബുദം, വൻകുടൽ അർബുദം ബോധവൽകരണസ്ക്രീനിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാ ആരോഗ്യസ്ഥാപങ്ങൾ മുഖേന വിദ്യാഭാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടന്നു വരുന്നു. ചലച്ചിത്ര, കലാസാംസ്‌കാരികമേഖലകളിലുള്ളവർ,സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ, കാൻസർ അതിജീവിതർ, ലഹരി,പുകയിലയിൽ നിന്നും വിമുക്തിനേടിയ അതിജീവിതർ തുടങ്ങി യവരുടെ അനുഭവങ്ങളും സന്ദേശങ്ങളും ഉൾകൊള്ളിച്ചു സാമൂഹിക മാധ്യമങ്ങളിലൂടെ ശക്തമായ ബോധവത്കരണമാണ് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത്. തദ്ദേശസ്വയംഭരണവകുപ്പുമായി സഹകരിച്ച്   

ലഹരി,പുകയിലയിൽ നിന്നും വിമുക്തിനേടിയ അതിജീവിതരെയും യുവജനങ്ങളെയും ഉൾകൊള്ളിച്ചു അനുഭവസദസ്സുകൾ, ബോധവൽക്കരണക്ലാസുകൾ എന്നീ പരിപാടികൾക്ക് എല്ലാ ബ്ലോക്ക്‌ തലത്തിലും കലാലയങ്ങൾ വേദികളാക്കി വിമുക്തിപ്രയാണം എന്ന കാമ്പയിനും നടന്നുവരുന്നു.

 

 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോ ടാനുബന്ധിച്ചു ജില്ലാ മാനസികാരോഗ്യ പരിപാടി, ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ നോർത്ത് ഇടപ്പിള്ളി എന്നിവരുടെ സംയുക്ത ആഭ്യമുഖ്യത്തിൽ ഇടപ്പിള്ളി നോർത്ത് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളാണ് ആരോഗ്യവകുപ്പ് സംഘടിപ്പിച്ചത്.

 എറണാകുളം ജില്ലാ മെഡിക്കൽ ആഫീസർ ഡോ. ആശാദേവി എൻ. സി. സി. കേഡറ്റുകൾക്ക് ദീപ ശിഖ കൈമാറി ക്കൊണ്ട് ഇടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ദീപശിഖാ പ്രയാണവും സൈക്കിൾ റാലിയും കൂടാതെ പോസ്റ്റർ പ്രദർശനം, SIMET നഴ്സിങ്ങ് കോളേജ് പള്ളുരുത്തിയിൽ നിന്നുള്ള നഴ്സിങ്ങ് വിദ്യാർത്ഥികൾ,ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നോർത്ത് ഇടപ്പളിയിലെ വിദ്യാർഥികൾ എന്നിവർ അവതരിപ്പിച്ച ഫ്ലാഷ് മോബ്, ബോധവത്ക്കരണ സ്കിറ്റ് എന്നിവ അരങ്ങേറി. ജില്ലാ മാനസികാരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ ദയ പാസ്കലിന്റെ നേതൃത്വത്തിൽ കൗമാരത്തിലെ ലഹരി ഉപയോഗവും അതിൻ്റെ പ്രതിരോധ മാർഗ്ഗങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ജില്ലയിലുടനീളം എല്ലാ ആരോഗ്യസ്ഥാപനങ്ങൾ മുഖേന വിവിധങ്ങളായ ബോധവത്കരണ പരിപാടികളാണ് നടത്തുന്നത്.

date