ലഹരിക്കെതിരെ ജില്ലാ പഞ്ചായത്തിന്റെ 'കോലു മിഠായി' പദ്ധതിക്കു തുടക്കം
സ്കൂളുകൾ കേന്ദ്രീകരിച്ച് വർദ്ധിച്ചു വരുന്ന ലഹരി വ്യാപനം തടയാൻ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ വേറിട്ട ഒരു പദ്ധതി നടപ്പിലാക്കുകയാണ് എറണാകുളം ജില്ലാ പഞ്ചായത്ത്. 'കോലു മിഠായി' എന്ന് പേര് നൽകിയിരിക്കുന്ന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം തൃക്കാക്കര തേവക്കൽ സ്ക്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു.
സ്കൂൾ പരിസരത്ത് കിയോസ്കുകൾ സ്ഥാപിച്ച് വിദ്യാർഥികൾക്കാവശ്യമായ നോട്ട്ബുക്കുകൾ ഉൾപ്പെടെയുള്ള പഠന സാമഗ്രികളും ചായ, ലഘു ഭക്ഷണം എന്നിവയും ക്രമീകരിക്കുന്നതാണ് പദ്ധതി. സ്കൂൾ സമയത്ത് സാധനങ്ങൾ വാങ്ങുന്നതിനു കുട്ടികൾ പുറത്തു പോകുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണത് ഉദ്ദേശം. ലഹരി വ്യാപനം പരമാവധി തടയുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കിയോസ്‌കുകളുടെ നടത്തിപ്പു ചുമതല കുടുംബശ്രീ അംഗങ്ങൾക്കാണ്. ആദ്യ ഘട്ടമായി ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള അഞ്ച് സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുക.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ.ലിജി, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓഡിനേറ്റർ ടി.എം റെജീന, പി.ടി.എ പ്രസിഡന്റ് എം.എ ഹസൈനാർ, സി.ഡി.എസ് ചെയർപേഴ്സൻ സീന മാർട്ടിൻ, സ്കൂൾ പ്രിൻസിപ്പൽ കെ.മനോജ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments