Skip to main content

കാർഷിക മേഖലയിൽ കുടുംബശ്രീ വനിതകൾക്ക് സാങ്കേതികവിദ്യയുടെ പിന്തുണ

 

 

കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം (കെ-ടാപ്പ്) പദ്ധതിയുടെ ഭാഗമായി ജില്ലാ ടെക്നോളജി ഡിസെമിനേഷൻ ക്ലിനിക് പരിശീലന പരിപാടി പെരുമ്പാവൂർ നഗരസഭ ഇ എം എസ് ടൗൺ ഹാളിൽ സംഘടിപ്പിച്ചു.

 

 നവീന സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തികൊണ്ട് കാർഷിക ഉപജീവന മേഖലയെ ശക്തിപ്പെടുത്തുന്നതിനായാണ് കുടുംബശ്രീ പുതിയ പദ്ധതി നടപ്പാക്കുന്നത്. 

വനിതാ സംരംഭങ്ങൾ, പ്രൊഡ്യൂസർ ഗ്രൂപ്പുകൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ എന്നിവയ്ക്ക് ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണ നൽകുന്നതിലൂടെ പരമ്പരാഗത കൃഷിയിലും ഭക്ഷ്യസംസ്‌കരണ മേഖലയിലും സ്ഥിരതയുള്ള വരുമാനമാർഗങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമമാണ് കെ-ടാപ്പ്. 

 

കാർഷിക സംരംഭങ്ങൾക്കായി കേന്ദ്രീകൃത സാങ്കേതിക വിദ്യരൂപികരിച്ച് ആവശ്യമനുസരിച്ച് അവ ഉപയോഗപ്പെടുത്തുന്നതിനും, ഉയർന്ന ഗുണനിലവാരമുള്ള സർട്ടിഫിക്കേഷനോടുകൂടിയ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനും, പ്രാദേശിക വിപണിക്ക് പുറത്തുള്ള വിപണന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ഈ പദ്ധതിയിലൂടെ വഴിയൊരുങ്ങും. സ്ഥിരമായ, ഉയർന്ന വരുമാനമുള്ള ബിസിനസ് മാതൃകകളിലേക്ക് വനിതാ സംരംഭങ്ങളെ എത്തിക്കുകയാണ് ഇതിലൂടെ കുടുബശ്രീ ലക്ഷ്യമാകുന്നത്.

 

ഇന്ത്യയിലെ പ്രശസ്ത കാർഷിക ഗവേഷണ സ്ഥാപനങ്ങളുമായുള്ള ധാരണപത്രങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, തഞ്ചാവൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ടെക്നോളജി എൻ്റർപ്രണർഷിപ്പ് ആൻഡ് മാനേജ്‌മെൻറ്, കേന്ദ്ര വാഴ ഗവേഷണകേന്ദ്രം, സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിഡിപ്പ്ലിനറി സയൻസ് ആൻഡ് ടെക്നോളജി, കേരള കാർഷിക സർവകലാശാല എന്നിവ കുടുംബശ്രീ മിഷനുമായി ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്.

 

 180 ൽ അധികം ഉൽപ്പന്നങ്ങൾക്കാണ് കുടുംബശ്രീ സംരംഭകർക്ക് ഈ സാങ്കേതിക പിന്തുണയോടെ ഒരുക്കാനാവുക. കുടുംബശ്രീ കാർഷിക മേഖലയിലുൾപ്പെടെ ഈ വർഷം ആരംഭിക്കുന്ന കെ ലൈവ് പ്ലസ്, വൺ ഡിസ്ട്രിക്ട് വൺ പ്രോഡക്ട്, ന്യൂട്രി പാലറ്റ് പദ്ധതികൾക്കും ഈ സാങ്കേതികവിദ്യ അടിസ്ഥാനമാകും.

 

 ചടങ്ങിൽ ഫാം ലൈവ്ലിഹുഡ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. എസ്. ഷാനവാസ് സംരംഭകർക്ക് സാങ്കേതികവിദ്യകളും വിവിധ സേവനങ്ങളും പരിചയപ്പെടുത്തി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി.എം. റെജീന, പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സൺ ജാസ്മിൻ ബഷീർ,ജില്ലാ പ്രോഗ്രാം മാനേജർ കെ.എം. അനൂപ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അമ്പിളി തങ്കപ്പൻ, അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ കെ.സി. അനുമോൾ, എം.ടി. സന്തോഷ്, ജില്ലാപ്രോഗ്രാം മാനേജർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date