Skip to main content

*സാമൂഹിക വികസനത്തിന് കൃത്യമായ ഡാറ്റ അനിവാര്യം; പി ബാലചന്ദ്രൻ എംഎൽഎ*

 

 

സംസ്ഥാനം സുസ്ഥിര വികസനം കൈവരിക്കുന്നതിന് കൃത്യവും സമയബന്ധിതവുമായ ഡാറ്റ അനിവാര്യമെന്ന് പി. ബാലചന്ദ്രൻ എംഎൽഎ. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച 19-ാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ. ഇന്ത്യയുടെ സ്ഥിതിവിവരക്കണക്ക് ശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന പ്രൊഫ. പ്രശാന്ത ചന്ദ്ര മഹലനോബീസിന്റെ ജന്മദിന വാർഷികത്തോടനുബന്ധിച്ചായിരുന്നു സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി "ഒരു കോടി വൃക്ഷത്തൈകൾ നടുക"എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി നടത്തുന്ന വൃക്ഷത്തൈ വിതരണവും എം എൽ എ നിർവഹിച്ചു. 

 

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടർ എ പി ഷോജൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ സാമ്പിൾ സർവേയുടെ എൺപതാം റൗണ്ട് സർവേ പ്രവർത്തനങ്ങൾക്ക് യോഗത്തിൽ തുടക്കം കുറിച്ചു. കുസാറ്റ് മുൻ വൈസ് ചാൻസലർ പി.ജി ശങ്കരൻ ആധുനിക കാലഘട്ടത്തിൽ സ്ഥിതിവിവരക്കണക്കുകളുടെ പ്രാധാന്യം, മറ്റു ശാസ്ത്ര ശാഖകളിൽ സ്ഥിതിവിവരക്കണക്കിൻ്റെ പ്രാധാന്യം എന്നീ വിഷയങ്ങളിൽ സെമിനാർ അവതരിപ്പിച്ചു. സ്ഥിതിവിവരക്കണക്കും ആധുനിക എ.ഐ ടെക്നോളജിയും തമ്മിലെ ബന്ധവും, സ്ഥിതിവിവരക്കണക്കിൽ എ.ഐ ടെക്നോളജിയുടെ സാധ്യതകളെയും കുറിച്ച് കുന്നംകുളം ബെഥനിയ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യാപിക രശ്മി എം അവതരിപ്പിച്ച സെമിനാറും സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്നു. 

 

എം.എൽ.എ മാരായ എ സി മൊയ്തീൻ, എൻ കെ അക്ബർ, വി ആർ സുനിൽകുമാർ, സനീഷ്കുമാർ ജോസഫ്, ഇ ടി ടൈസൺ, സി സി മുകുന്ദൻ, മുരളി പെരുനെല്ലി, യു ആർ പ്രദീപ്, കെ കെ രാമചന്ദ്രൻ തുടങ്ങിയവർ നാഷ്ണൽ സ്റ്റാറ്റിസ്റ്റിക്സ് ദിനവുമായി ബന്ധപ്പെട്ട് പരിപാടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നൽകിയ വീഡിയോ സന്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.

 

വകുപ്പിലെ ജീവനക്കാരെ ഉൾപ്പെടുത്തി സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ് ഡി ജി) എന്ന വിഷയത്തിൽ സംവാദവും വിവിധ കലാപരിപാടികളും അരങ്ങേറി.

 

റിസർച്ച് ഓഫീസർമാരായ ജസ്റ്റിൻ എം ജെ, മനോജ് വി, അഡീഷണൽ ജില്ലാ ഓഫീസർമാരായ പ്രകാശൻ എം, സജീവ് കെ കെ തുടങ്ങിയവർ സംസാരിച്ചു. വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.

 

date