അറിയിപ്പുകൾ
ക്യാഷ് അവാർഡിന് അപേക്ഷിക്കാം
2024-2025 അധ്യയന വർഷത്തിൽ കേരള സിലബസ്സിൽ 10/12 ക്ലാസ് പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+/ A1 അഥവാ സി ബി എസ് സി / ഐ സി എസ് സി 10/12 പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും 90 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങിയ എറണാകുളം ജില്ലയിലെ വിമുക്ത ഭടന്മാരുടെ മക്കൾക്ക് ഒറ്റത്തവണ ക്യാഷ് അവാർഡിന് അപേക്ഷിക്കാം. അപേക്ഷകൾ
www.serviceonline.hovt.in/kerala എന്ന വെബ്സൈറ്റിൽ ഓൺലൈനായി നൽകണം. തുടർ പരിശോധനകൾക്കായി അപേക്ഷകളുടെ പ്രിൻ്റൗട്ടുകൾ അസ്സൽ സർട്ടിഫിറ്റുകൾ സഹിതം ജൂലൈ 20 ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0484 2422239
*അഡൽറ്റ്സ് ഇമ്മ്യൂണൈസേഷൻ ക്ലിനിക് ആരംഭിക്കാനൊരുങ്ങി എറണാകുളം മെഡിക്കൽ കോളേജ്*
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിക്കൻ പോക്സ്, ടൈഫോയിഡ്, മസ്തിഷ്ക ജ്വരം, ഫ്ളൂ, മഞ്ഞപ്പിത്തം, ന്യുമോണിയ തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിരോധ വാക്സിനുകൾക്കായി അഡൽറ്റ്സ് ഇമ്മ്യൂണൈസേഷൻ ക്ലിനിക്ക് ആരംഭിക്കാനൊരുങ്ങി എറണാകുളം മെഡിക്കൽ കോളേജ്. 18 വയസിന് മുകളിൽ ഉള്ളവർക്കായി ജൂലൈ ഏഴു മുതൽ ക്ലിനിക് ആരംഭിക്കും.
ടിഡി വാക്സിൻ, ടിഡിഎപി വാക്സിൻ, എച്ച്പിവി വാക്സിൻ, വരിസെല്ല വാക്സിൻ, ഇൻഫ്ലുവൻസ വാക്സിൻ, ന്യുമോകോക്ക വാക്സിൻ, ഹെപ്പറ്റൈറ്റിസ് വാക്സിൻ, മെനിംഗോകാക്കൽ വാക്സിൻ, എംഎംആർ, ടൈഫോൾഡ് വാക്സിൻ എന്നിവയാണ് ആശുപത്രിയിലെ എച്ച്.എൽ.എൽ ഫാർമസിയിൽ ലഭ്യമാകുന്നത്. ഇൻഫ്ലുവൻസ വാക്സിൻ മാർക്കറ്റ് നിരക്കിനേക്കാൾ 52 ശതമാനം കുറവിലും, ന്യുമോകോക്കൽ വാക്സിൻ (Pneumococcal vaccine) മാർക്കറ്റ് നിരക്കിനേക്കാൾ 33 ശതമാനം കുറവിലും എച്ച്.എൽ.എൽ ഫാർമസിയിൽ ലഭ്യമാകുമെന്ന് ഡോ. ഗണേഷ് മോഹൻ എം, മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
മുതിർന്ന പൗരൻമാർക്കും, വിദേശ രാജ്യങ്ങളിൽ പോകുന്നവർക്കുമാണ് ഈ വാക്സിനുകൾ കൂടുതൽ പ്രയോജനമാകുന്നത്. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിനായിരിക്കും അഡൽറ്റ്സ് ഇമ്മ്യൂണൈസേഷൻ ക്ലിനിക്കിൻ്റെ ചുമതല. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ആയിരിക്കും ക്ലിനിക്കിൻ്റെ പ്രവർത്തനം.
അപേക്ഷ ക്ഷണിച്ചു
കടമ്പ്രയാർ ഡസ്റ്റിനേഷ൯ മാനേജ്മെ൯്റ് കൗൺസിൽ (ഡിഎംസി) ലോഗോ രൂപ കൽപ്പന ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഡിസൈനുകൾ ക്ഷണിച്ചു. കടമ്പ്രയാർ ഡിഎംസിയുടെ ലോഗോ ഏറ്റവും മികച്ച രീതിയൽ പൂർത്തിയാക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്നവർക്കുളള പ്രതിഫലമായി പതിനായിരം രൂപ നൽകും. ലോഗോ പ്രൊപ്പസലുകൾ അയക്കേണ്ട മെയിൽ ഐ ഡി, tourismkadambrayar@gmail.com. വിലാസം- സെക്രട്ടറി, ഡിടിപിസി, എറണാകുളം (സിഇഒ, ഡിഎംസി), പാക്ക് അവന്യൂ, എറണാകുളം-11.
സൃഷ്ടികൾ ജൂലൈ 15 പതിനഞ്ചിന് വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം. ഫോൺ -9847332200
*ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്*
കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോടുകൂടി ഒരു വർഷം, ആറ് മാസം, മൂന്ന് മാസം ദൈർഘ്യമുള്ള ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുകളിൽ തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഇന്റേൺഷിപ്പോടുകൂടി റഗുലർ പാർടൈം ബാചുകളിലേക്ക് എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഫോൺ: 7994926081.
*കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് വടക്കൻ പറവൂർ തുറവൂർ ഓഫീസുകൾ സംയോജിപ്പിച്ചു*
കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് വടക്കൻ പറവൂർ ഓഫീസ്, ബോർഡിൻ്റെ ആലപ്പുഴയിലുള്ള തുറവൂർ ഓഫീസുമായി സംയോജിപ്പിച്ചു. ജൂലൈ ഒന്നു മുതൽ വടക്കൻ പറവൂർ ഓഫീസ് പ്രവർത്തനം അവസാനിപ്പിക്കുന്നതാണ്. തൊഴിലാളികളുടെ സൗകര്യാർത്ഥം ചെല്ലാനം, കുമ്പളം, കുമ്പളങ്ങി പഞ്ചായത്തുകൾ തുറവൂർ സബ് ഓഫീസ് പരിധിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
നിലവിൽ കോട്ടയം ജില്ലയുമായി ചേർന്നു വരുന്ന എറണാകുളം ജില്ലയിലെ ആമ്പല്ലൂർ, ഉദയംപേരൂർ, കൂത്താട്ടുകുളം, എടക്കാട്ടുവയൽ, വടവ്കോട് പുത്തൻ കുരിശു പഞ്ചായത്തുകൾ ബോർഡിൻ്റെ വൈക്കം സബ് ഓഫീസിന്റെ പരിധിയിലേക്കും ശേഷിക്കുന്ന പഞ്ചായത്തുകൾ തുറവൂർ ഓഫീസിൻ്റെ പരിധിയിലേക്കുമാണ് മാറ്റിയിട്ടുള്ളത്.
കയർ തൊഴിലാളികൾക്കിതുമൂലം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി എറണാകുളം ജില്ലയിലെ കയർ തൊഴിലാളികൾക്കായി എല്ലാ മാസത്തിലും മൂന്നാമത്തെ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി വടക്കൻ പറവൂർ കയർ പ്രോജക്ട് ഓഫീസിലും തൃശൂർ ജില്ലയിലെ കയർ തൊഴിലാളികൾക്കായി എല്ലാ മാസത്തെയും മൂന്നാമത്തെ വെള്ളി, ശനി ദിവസങ്ങളിൽ കൊടുങ്ങല്ലൂർ കയർ ഇൻസ്പെക്ടർ ഓഫീസിലും കളക്ഷൻ കേന്ദ്രങ്ങളായി നിശ്ചയിച്ച് ക്യാമ്പുകൾ സംഘടിപ്പിക്കുന്നതാണ്. ഈ പ്രവൃത്തി ദിവസങ്ങൾ ഒഴിവു ദിവസങ്ങളാകുന്ന പക്ഷം അടുത്ത പ്രവൃത്തി ദിവസം ക്യാമ്പുണ്ടായിരിക്കുന്നതാണ്. ക്യാമ്പുകളിൽ തൊഴിലാളികൾക്ക് വിവിധ ധനസഹായങ്ങൾക്കുള്ള വെൽഫെയർ, പെൻഷൻ അപേക്ഷകളും നൽകാവുന്നതാണ്. കൂടാതെ തൊഴിലാളികൾക്ക് ക്ഷേമനിധി വിഹിതം ഓൺലൈനായി നേരിട്ടോ അക്ഷയകേന്ദ്രങ്ങൾ/കോമൺ സർവ്വീസ് സെൻ്ററുകൾ/ജനസേവന കേന്ദ്രങ്ങൾ എന്നിവ വഴിയോ https://www.coirworkerswelfare.kerala.gov.in/index.php വെബ്സൈറ്റ് മുഖേന അടക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുളളതുമാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
*സംസ്കൃതം സാഹിത്യ വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്*
തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ സംസ്കൃതം സാഹിത്യ വിഭാഗത്തിൽ നിലവിലുളള ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നകിന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ സാഹിത്യത്തിൽ ബിരുദാനന്തര ബിരദം നേടിയവരും, യുജിസി യോഗ്യതയുളളവരും അതത് മേഖല കോളേജ് വിദ്യാഭ്യസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ കോളേജിയേറ്റ് ഡയറക്ടറുടെ നിർദ്ദേശാനുസരണം ഓൺലൈ൯ രജിസ്ട്രേഷ൯ നടത്തിയവരോ ആയിരിക്കണം. യുജിസി യോഗ്യതയുളളവരുടെ അഭാവത്തിൽ മറ്റുളളവരെയും പരിഗണിക്കും. താത്പര്യമുളള ഉദ്യോഗാർഥികൾ ജൂലൈ ഒമ്പതിന് രാവിലെ 11-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രി൯സിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ 0484-2777444.
*ആയുർവേദ തെറാപ്പിസ്റ്റ് താത്കാലിക നിയമനം*
ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷ൯ -രണ്ട് ഒഴിവ്), (സ്ത്രീ-അഞ്ച് ഒഴിവ്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ് എസ് എൽ സി, ഡയറക്ടർ ഓഫ് ആയുർവേദ മെഡിക്കൽ എഡ്യുക്കേഷ൯ നടത്തുന്ന ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ്.
പ്രായം 18-41 (നിയമാനുസൃത വയസിളവ് അനുവദനീയം) താത്പര്യമുളള തൃശൂർ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുളള യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 11-ന് മുമ്പ് പരിധിയുലുളള എംപ്ലോയ്മെ൯്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
*ജൂനിയർ റസിഡൻറ് താത്കാലിക നിയമനം*
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡൻറ് തസ്തികയിൽ കൺസോളിഡേറ്റഡ് വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ബിഡിഎസ്, കെഡിസി രജിസ്ട്രേഷ൯. ആറുമാസ കാലയളവിലേക്കാണ് നിയമനം. താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് സഹിതം ജൂലൈ 10-ന് രാവിലെ 10.30 ന് എറണാകുളം മെഡിക്കൽ സൂപ്രണ്ടിൻ്റെ കാര്യാലയത്തിൽ നടക്കുന്ന വാക്-ഇ൯-ഇ൯്റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ.
സീനിയർ ഹൗസ് സർജൻസി അഭികാമ്യം, സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകും. ഫോൺ:04842754000.
*ഉല്ലാസ്- ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം : ഏകദിന പരിശീലന പരിപാടി ഇന്ന് (ജൂലൈ 3)*
കേരളത്തെ പരിപൂർണ സാക്ഷതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഉല്ലാസ്- ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ ഭാഗമായി റിസോഴ്സ് ഗ്രൂപ്പ് മെമ്പർമാർക്കും പ്രേരക് മാർക്കുമുള്ള ഏകദിന പരിശീലന പരിപാടി ഇന്ന് നടക്കും (ജൂലൈ 3). രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ കാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിക്കും.
സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി ഒലീന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജെ ജോമി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷെഫീഖ്, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ബി സുധീർ, ഡയറ്റ് പ്രിൻസിപ്പൽ ദീപ ടീച്ചർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ തുല്യതാ പഠിതാക്കൾക്കായി സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും നടത്തും.
- Log in to post comments