കണ്ണൂര്‍ വിമാനത്താവളത്തിലെ ഇന്‍സിനറേറ്റര്‍ മാറ്റി സ്ഥാപിക്കാന്‍ നിര്‍ദേശം
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നിലവിലെ ഇന്‍സിനറേറ്റര്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ വിമാനത്താവള അധികൃതരോട് കെ.കെ ശൈലജ ടീച്ചര്‍ എംഎല്‍എ നിര്‍ദേശിച്ചു. വിമാനത്താവളവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ഉന്നയിച്ച വിവിധ പരാതികള്‍ പരിഹരിക്കാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയില്‍ ഇന്‍സിനറേറ്റര്‍ മാറ്റി സ്ഥാപിക്കുന്നതുവരെ മാലിന്യം സംസ്‌കരിക്കാന്‍ ഏല്‍പിച്ച ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യണമെന്നും എന്തെങ്കിലും പിഴവുകള്‍ കണ്ടെത്തിയാല്‍ ഏജന്‍സിയെ മാറ്റുന്നതടക്കമുള്ള നടപടികള്‍ ആലോചിക്കണമെന്നും എം എല്‍ എ യോഗത്തില്‍ നിര്‍ദേശം നല്‍കി. വിമാനത്താവളത്തില്‍ നിന്ന് ശുചിമുറി മാലിന്യങ്ങള്‍ അടുത്തുള്ള ജനവാസ മേഖലകളിലേക്കെത്തുന്നെന്ന പരാതിയില്‍ എയര്‍പോര്‍ട്ട് സീവേജ് സിസ്റ്റം പരിശോധിക്കാനും മാലിന്യം മറ്റെവിടുന്നെങ്കിലും വരുന്നതാണോയെന്ന് പരിശോധിക്കാനും ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി.
വിമാനത്താവളത്തില്‍ നിന്ന് ശക്തമായി മഴവെള്ളം പുറത്തേക്കൊഴുകി കൃഷി നശിക്കുന്നുവെന്ന പരാതിയില്‍ വെള്ളം ഒഴുകിയെത്തുന്ന കാരത്തോട്, കോതേരിത്തോട് എന്നിവയുടെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാത്ത ഭാഗത്തെ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാന്‍ ജലസേചന വകുപ്പ് അധികൃതരോട് യോഗം നിര്‍ദേശിച്ചു. കൂടാതെ കൂടുതല്‍ വെള്ളം പുറത്തേക്കൊഴുകുന്നതുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധന നടത്താനും നിര്‍ദേശം നല്‍കി. കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാൻ കൃഷി വകുപ്പ് അധികൃതർക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, കീഴല്ലൂര്‍ -ചാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി മിനി, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.വി ശ്രുതി, എ കെ അനീഷ്, കീഴല്ലൂര്‍-ചാവശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ് അജി, , കൃഷി വകുപ്പ് ഡി ഡി വിഷ്ണു എസ് നായര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ എം സുനില്‍ കുമാര്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോർഡ് എ ഇ കെ ശ്രുതി, മട്ടന്നൂര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജൂലി, കിന്‍ഫ്ര, കിയാല്‍, ഇറിഗേഷന്‍, ഹരിത കേരളം മിഷന്‍ എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments