അറിയിപ്പുകൾ
ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ: ഹാള്‍ടിക്കറ്റ് വിതരണം തുടങ്ങി
ജൂലൈ 10 മുതല്‍ 27 വരെ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് വിതരണം തുടങ്ങി.
ഒന്ന്, രണ്ട് വര്‍ഷ പരീക്ഷകള്‍ക്കൊപ്പം ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിച്ചവരും ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍നിന്ന് ഹാള്‍ടിക്കറ്റ് കൈപ്പറ്റണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് അറിയിച്ചു.
ജില്ലയിലെ 14 പരീക്ഷാ കേന്ദ്രങ്ങളിലായി 761 പേര്‍ ഒന്നാം വര്‍ഷത്തെയും 1224 പേര്‍ രണ്ടാം വര്‍ഷത്തെയും തുല്യത പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ദര്‍ഘാസ് ക്ഷണിച്ചു
ബേപ്പൂര്‍ തുറമുഖത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വര്‍ക്ഷോപ്പ് സ്റ്റോറിലേക്ക് പെയിന്റ് വിതരണം ചെയ്യാന്‍ ദര്‍ഘാസ് ക്ഷണിച്ചു. പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് -673015 വിലാസത്തില്‍ ജൂലൈ പത്തിന് ഉച്ചക്ക് ഒരു മണിക്കകം ലഭിക്കണം. ഫോണ്‍: 0495 2414863, 2418610.
എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമ
എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് https://app.srccc.in/register ലിങ്ക് വഴി അപേക്ഷിക്കാം. അവസാന തിയതി ജൂലൈ 20. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും.
റിസര്‍ച്ച് ഓഫീസര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴില്‍ റിസര്‍ച്ച് ഓഫീസറെ നിയമിക്കും. മാസവേതനം: 26,000 രൂപ. യോഗ്യത: എംഎസ്‌സി ഇന്‍ ലൈഫ് സയന്‍സ്/എംഎസ്‌സി എംഎല്‍ടി. യോഗ്യതയോടൊപ്പം മോളിക്യുലാര്‍ റിസര്‍ച്ച്/മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക്‌സില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 20-40. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ എട്ടിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.
പാലുല്‍പ്പന്ന നിര്‍മാണ പരിശീലനം
ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തില്‍ ജൂലൈ ഏഴ് മുതല്‍ 18 വരെ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലുള്ളവര്‍ക്ക് പാലുല്‍പ്പന്ന പരിശീലന പരിപാടി സംഘടിപ്പിക്കും. രജിസ്ട്രേഷന്‍ ഫീസ്: 135 രൂപ. ഇന്ന് (ജൂലൈ നാല്) വൈകീട്ട് അഞ്ചിനകം 0495 2414579 ഫോണ്‍ നമ്പറിലോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം.
കോഴിക്കോട് ലോ കോളേജില്‍ സീറ്റൊഴിവ്
കോഴിക്കോട് ലോ കോളേജില്‍ എല്‍എല്‍എം കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് ഇടക്ക് പഠനം നിര്‍ത്തിയവര്‍ക്ക് പുനഃ പ്രവേശനത്തിനും നിലവില്‍ തൃശൂര്‍ ഗവ. ലോ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് കോളേജ് മാറ്റത്തിനും അപേക്ഷിക്കാം. ജൂലൈ എട്ടിന് വൈകീട്ട് മൂന്ന് വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോമും മറ്റു വിവരങ്ങളും കോളേജ് ലൈബ്രറിയില്‍ ലഭിക്കും. ഫോണ്‍: 0495 2730680.
ചുമട്ടുതൊഴിലാളികള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍ നിലവില്‍ അംശദായം അടച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ തൊഴിലാളികളും ജൂലൈ 31നകം എഐഐഎസ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ചെയര്‍മാന്‍ അറിയിച്ചു. രജിസ്ട്രേഷന്‍ നടത്തിയവര്‍ ഡാറ്റ അപ്ഡേറ്റ് ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം. ആധാര്‍ കാര്‍ഡ്, 6(എ) കാര്‍ഡ്, 26(എ) കാര്‍ഡ് പകര്‍പ്പ്, വയസ്സ് തെളിയിക്കുന്നതിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നഗരസഭ/പഞ്ചായത്തില്‍ നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റ്, മൊബൈല്‍ നമ്പര്‍, ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി പാസ്ബുക്ക്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അക്ഷയ കേന്ദ്രത്തിലെത്തി അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കാം. ഫോണ്‍: 0495 2366380.
സിവില്‍ സര്‍വീസ് പരിശീലനം: അപേക്ഷാ തീയതി നീട്ടി
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി ഉപകേന്ദ്രമായ പൊന്നാനിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ (ഐസിഎസ്ആര്‍) ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്റ് ഡെവലപ്‌മെന്റ് കോഴ്സ്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സ്, കോളേജ് വിദ്യാര്‍ഥികള്‍ക്കും തൊഴിലെടുക്കുന്നവര്‍ക്കുമുള്ള പ്രിലിംസ് കം മെയിന്‍സ് (വീക്കെന്‍ഡ്) കോഴ്സ് എന്നിവക്ക് അപേക്ഷിക്കാനുള്ള തിയതി ജൂലൈ 10 വരെ നീട്ടി. ബിരുദധാരികളായ വിദ്യാര്‍ഥികള്‍ക്ക് പ്രിലിംസ് കം മെയിന്‍സ് (റഗുലര്‍) കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷനും അപേക്ഷിക്കാം. ഫോണ്‍: 04942665489, 8848346005, 9846715386.
ഓംബുഡ്‌സ്മാന്‍ സിറ്റിങ് മാറ്റി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഓംബുഡ്‌സ്മാന്‍ ജൂലൈ ഒമ്പതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ക്യാമ്പ് സിറ്റിങ് പൊതുപണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജൂലൈ 11ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സിറ്റിങ്. വേദിയില്‍ മാറ്റമില്ല.
ചാലിയം മത്സ്യഗ്രാമം: ഐസ് ബോക്‌സിന് അപേക്ഷിക്കാം
ചാലിയം മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 100 ലിറ്ററിന്റെ ഐസ് ബോക്സ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രദേശത്ത് സ്ഥിരതാമസക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ബേപ്പൂര്‍ മത്സ്യഭവന്‍ ഓഫീസില്‍ ജൂലൈ അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0495 2383780.
- Log in to post comments