വായന പക്ഷാചരണം; ക്വിസ് മത്സരം സംഘടിപ്പിച്ചു
#ക്വിസ് മാസ്റ്ററായി ഗ്രാന്റ്മാസ്റ്റര്‍ ജി.എസ് പ്രദീപ്#
വായന പക്ഷാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം അറിവിന്റെ സംഗമവേദിയായി. ഗ്രാന്റ് മാസ്റ്റര്‍ ജി.എസ് പ്രദീപ് നയിച്ച മത്സരത്തിലെ ഓരോ ചോദ്യങ്ങളും അറിവിന്റെ പുതിയ വാതായനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നു. തോറ്റ് പോകുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ അറിവ് സമ്മാനിക്കുന്ന വേദിയാണ് ക്വിസ് മത്സരങ്ങളെന്നും ഈ ലോകം ജയിച്ചവരുടേത് മാത്രമല്ലെന്നും ജി.എസ് പ്രദീപ് പറഞ്ഞു.
ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ഒരു സ്‌കൂളില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നത്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തിന് രജിസ്റ്റര്‍ ചെയ്തു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ആറ്റിങ്ങല്‍ ജി.എം.ബി എച്ച്.എസ്.എസ്സിലെ വൈഷ്ണവ് ദേവ് എസ്.നായര്‍, നിള റിജു എന്നിവര്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി. മടവൂര്‍ എന്‍.എസ്.എസ്എച്ച്.എസ്.എസ്സിലെ അനന്യ പി.എസ്, ആദിദേവ് പി.എസ്സ് എന്നിവര്‍ രണ്ടാം സ്ഥാനം നേടി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വെള്ളനാട് ജി.കെ.എസ്.ജി.വി.എച്ച്.എസ്.എസ്സിലെ ശ്രീലേഷ്.എസ്.എല്‍, ശ്രീലവ്യ എസ്.എല്‍ എന്നിവര്‍ ഒന്നാമതെത്തി. തോന്നയ്ക്കല്‍ ജി.എച്ച്.എസ്.എസ്സിലെ ചേതന്‍ എസ്, രുദ്രാക്ഷ് വി.എ എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ അനു കുമാരി, സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി, അസിസ്റ്റന്റ് കളക്ടര്‍ ശിവശക്തിവേല്‍ സി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റിന്റെ ലോകത്ത് പുസ്തകങ്ങളിലൂടെയുള്ള അറിവും ഏറെ പ്രധാനമാണെന്ന് ജില്ലാ കളക്ടര്‍ വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തി.
- Log in to post comments