ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി; വീതികൂട്ടി നവീകരണത്തിനൊരുങ്ങി വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ്
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് നവീകരണം യാഥാര്‍ഥ്യമാകുന്നു. ദേശീയപാതയെയും സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന വടകര താലൂക്കിലെ പ്രധാന പാതയാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നത്.
വടകര നഗരസഭ, വില്യാപ്പള്ളി, ആയഞ്ചേരി, പുറമേരി, നാദാപുരം എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് നവീകരണത്തിന് നേരത്തെ ഭരണാനുമതി ലഭ്യമായെങ്കിലും ഭൂമി വിട്ടുകിട്ടല്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വൈകുകയായിരുന്നു. വടകരയില്‍നിന്ന് വയനാട്ടിലേക്കും കിഴക്കന്‍ മലയോര മേഖലയിലേക്കും നാദാപുരം, പെരിങ്ങത്തൂര്‍ ഭാഗത്തേക്കും എത്താനുള്ള എളുപ്പമാര്‍ഗമാണ് ഈ റോഡ്.
കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളിലെ ഭൂരിഭാഗം ഭൂവുടമകളും ഭൂമി ഏറ്റെടുക്കല്‍ സമ്മതപത്രം നല്‍കിയതോടെയാണ് പദ്ധതിക്ക് വേഗം കൈവന്നത്. കിഫ്ബി 77 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതി നല്‍കിയിട്ടുണ്ട്. സാങ്കേതിക സമിതിയുടെ അനുമതിയും ലഭിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്കാണ് ടെന്‍ഡര്‍ ലഭിച്ചത്. സമ്മതപത്രം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളിലെ പ്രവൃത്തിയാണ് നിലവില്‍ ടെന്‍ഡര്‍ ചെയ്തിട്ടുള്ളത്.
മുഖ്യമന്ത്രിക്ക് പ്രത്യേക അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം വിട്ടുനല്‍കുന്ന ഭൂവുടമകള്‍ക്ക് അവരുടെ ജീവനോപാധികള്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ഘടകങ്ങള്‍ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മതിലുകള്‍ പൊളിക്കേണ്ടിവരുന്നവര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പുനര്‍നിര്‍മിച്ചു നല്‍കുന്നതും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് കുറ്റ്യാടി, നാദാപുരം നിയോജകമണ്ഡലങ്ങളിലെ ഭൂവുടമകള്‍ റോഡ് വികസനത്തിനായി ഭൂമി വിട്ടുനല്‍കിയത്.
12 മീറ്ററില്‍ വികസിപ്പിക്കുന്ന റോഡ് എഫ് ഡി ആര്‍ ടെക്‌നോളജി ഉപയോഗിച്ചും ബിഎം ബിസി നിലവാരത്തിലുമാണ് നിര്‍മിക്കുക. റോഡിന്റെ പ്രവൃത്തി ആരംഭിക്കേണ്ട ഭാഗങ്ങള്‍ അടയാളപ്പെടുത്തുന്ന പ്രവൃത്തി അക്ലോത്ത് നടപ്പാലത്തിനടുത്ത് ആരംഭിച്ചിട്ടുണ്ട്.
- Log in to post comments