വാദ്യോത്സവത്തില്‍ പെണ്‍കാലങ്ങള്‍
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന വാദ്യോത്സവത്തിന്റെ മുഖ്യാകര്‍ഷണം സജ്ജരായ സ്ത്രീ വാദ്യകലാകാരികളുടെ പങ്കാളിത്തം തന്നെയാണ്. വാദ്യോത്സവത്തിന്റെ രണ്ടാംദിനമായ ജൂലൈ 12 ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ചുമണി വരെയുള്ള സമയം ഇവരുടെ സംവാദ വേദിയാണ്. പെണ്‍കാലങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സെഷന് നര്‍ത്തകിയും കലാപണ്ഡിതയുമായ ഡോ. ദീപ്തി ഓംചേരി ഭല്ലയുടെ ആമുഖഭാഷണത്തോട ആരംഭിക്കും. തുടര്‍ന്ന് തവിലില്‍ അമൃതവര്‍ഷിണി നയിക്കുന്ന യുവതാളതരംഗം അരങ്ങേറും. തമിഴകത്തിന്റെ ഹൃദയതാളമായ തവില്‍ വാദനമേഖലയിലെ പെണ്‍ശബ്ദമാണ് അമൃതവര്‍ഷിണി. പുരുഷകേന്ദ്രീകൃതമായ ഈ വാദ്യകലയിലേക്കുള്ള പെണ്ചുവടുവെപ്പിനുള്ള അംഗീകാരംകൂടിയാണ് അക്കാദമിയുടെ ഈ വേദി. ഇതിലൂടെ അക്കാദമി ശക്തമായ രാഷ്ട്രീയ സന്ദേശം കൂടിയാണ് പകര്‍ന്നു നല്‍കുന്നത്.
ഒരു കാലത്ത് പുരുഷന്മാര് കൈകാര്യം ചെയ്തിരുന്ന മാര്ഗ്ഗംകളിയിലേക്ക് സ്ത്രീകള്‍ കടന്നുവന്നത് ചരിത്രമാണ്. ഈ ചരിത്രത്തെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് താളവാദ്യോത്സവത്തിലെ മാര്‍ഗ്ഗംകളി അവതരണത്തിലൂടെ അക്കാദമി ശ്രമിക്കുന്നത്. അഖില ജോഷിയും സിബി പാലയും സംഘവുമാണ് വാദ്യോത്സവത്തില്‍ രണ്ടാംദിനം ഉച്ചയ്ക്ക് 2.55 മുതല്‍ മാര്‍ഗ്ഗംകളി അവതരിപ്പിക്കുന്നത്.
പുരുഷാധിപത്യം കൊടികുത്തിവാണിരുന്ന തുള്ളല്‍ മേഖലയില്‍ ലിംഗനീതിക്കായി കലയിലൂടെ പൊരുതിയ കലാകാരി കലാമണ്ഡലം ഷര്‍മിളയും സംഘവും അവതരിപ്പിക്കുന്ന തുള്ളലാണ് താളവാദ്യോത്സവത്തിലെ മറ്റൊരു പ്രത്യേക ഇനം. ജൂലൈ 12 ന് വൈകുന്നേരം 3.20 ആണ് തുള്ളല്‍ അരങ്ങേറുക.
തബലവാദനത്തിലേക്ക് സ്ത്രീകള്‍ കടന്നുവരിക എന്നതുതന്നെ അപൂര്‍വ്വമാണ്. ഈ വാദ്യമേഖലയില്‍ കലാമുദ്ര പതിപ്പിച്ച മുംബൈയില്‍ നിന്നുള്ള മുക്ത രസ്തെയുടെ തബലവാദനവും പെണ്കാലത്തിലെ പ്രധാനപ്പെട്ട പരിപാടിയാണ്. വൈകുന്നേരം 3.55നാണ് മുക്ത രസ്തെയുടെ തബലവാദനം. ഹാര്‍മോണിയവുമായി സന്തോഷ് ഘണ്ടെ ഒപ്പം ചേരും.
ഡോ.നന്ദിനി വര്‍മ്മയും സംഘവും 4.30 ന് അവതരിപ്പിക്കുന്ന തായമ്പകയോടെയാണ് പെണ്‍കാലങ്ങള്‍ എന്ന സെഷന് അവസാനിക്കുന്നത്. ചെണ്ടവാദനരംഗത്തേക്ക് സ്ത്രീകള്‍ ആരും കടന്നുവരാതിരുന്ന ഒരു കാലത്ത് സ്വയംസമര്‍പ്പിതയായി ഈ രംഗത്ത് എത്തിയ നന്ദിനിവര്മ്മയുടെ കലാജീവിതം കലയിലെ സ്ത്രീജീവിതത്തിന്റെ അടയാളപ്പെടുത്തല്‍ തന്നെയാണ്.
- Log in to post comments