സുസ്ഥിര തൃത്താല; മണ്ഡലത്തില്‍ കുറയ്ക്കാനായത് 4500 ടണ്‍ കാര്‍ബണ്‍
തൃത്താല മണ്ഡലത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് മന്ത്രി എം. ബി. രാജേഷ് ആവിഷകരിച്ച സുസ്ഥിര തൃത്താല പദ്ധതിയിലൂടെ മണ്ഡലത്തില്‍ നാല് വര്‍ഷത്തിനിടെ 4500 ടണ്‍ കാര്‍ബണ്‍ കുറയ്ക്കാനായി. 2024-25 വര്‍ഷത്തില്‍ മാത്രം 722 ടണ്‍ പുന:ചക്രമണം നടത്താന്‍ കഴിയുന്ന മാലിന്യങ്ങളാണ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത്.
സുസ്ഥിര തൃത്താല പദ്ധി മുഖേന നാല് മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മണ്ഡലത്തില്‍ കാര്‍ബണ്‍ കുറയ്ക്കാനായത്. കൃഷി വ്യാപനത്തിലൂടെ തരിശ് ഭൂമിയുടെ അളവ് കുറച്ചു. മണ്ഡലത്തെ ഹരിതാഭമാക്കുന്നതിലൂടെ 21 പച്ചത്തുരുത്ത് സൃഷ്ടിച്ചു. കാര്‍ബണിന്റെ അളവ് കുറയ്ക്കുന്നതിനായി സോളാര്‍ എനര്‍ജിയുടെ ഉപയോഗം വര്‍ധിപ്പിക്കുകയും ചെയ്തു.
കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കുറയ്ക്കാനായി.വിഷവാതകങ്ങള്‍ പുറം തള്ളുന്നത് തടയാന്‍ മാലിന്യം വലിച്ചെറിയുന്ന ഇടങ്ങളെ മാലിന്യമുക്തമാക്കിയുമാണ് സുസ്ഥിര തൃത്താല മാതൃകയാകുന്നത്.
മണ്ഡലത്തിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ശുചിത്വ മിഷനും നവകേരള മിഷനും കൈകോര്‍ത്ത് ഹരിതകര്‍മ്മ സേനാംഗങ്ങളും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ വീടുതോറും മാലിന്യ ശേഖരം നടത്തുന്നതു വഴി മാലിന്യങ്ങള്‍ കുറയ്ക്കുന്നതോടൊപ്പം അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞു. എട്ട് ഗ്രാമപഞ്ചായത്തുകളായി 247 ഓളം ഹരിത കര്‍മ്മ സേനാംഗങ്ങളാണ് മണ്ഡലത്തിലെ ശുചിത്വ സൈന്യങ്ങളായി പ്രവര്‍ത്തിക്കുന്നത്.
നിഷ്‌ക്രിയ മാലിന്യം,തുണി മാലിന്യം, ചില്ല് മാലിന്യം, ഇലക്ട്രോണിക് മാലിന്യങ്ങളാണ് ശേഖരിക്കുന്നത്.
കൂടാതെ 50ല്‍ താഴെ മിനി എംസിഎഫുകള്‍ മാത്രമുണ്ടായിരുന്ന മണ്ഡലത്തിലെ 135 വാര്‍ഡുകളിലും ഒരു മിനി എംസിഎഫ് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനും സുസ്ഥിര തൃത്താല പദ്ധതി മുഖേന കഴിഞ്ഞു. വാര്‍ഡില്‍ കുറഞ്ഞത് രണ്ട് മിനി എംസിഎഫ് എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. മണ്ഡലത്തിലെ പകുതിയിലധികം ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ക്ക് 100 ശതമാനം യൂസര്‍ ഫീ കളക്ഷന്‍ കൈവരിക്കാനുമായി.
- Log in to post comments