കുടുംബശ്രീ ജില്ലാ മിഷൻ; മാധ്യമപ്രവർത്തകർക്കായി ശില്പശാല സംഘടിപ്പിച്ചു
കുടുംബശ്രീയുടെ വിവിധ പദ്ധതികളെ സംബന്ധിച്ച് അവബോധം നൽകുന്നതിനും പദ്ധതി പ്രവർത്തനങ്ങൾക്ക് വ്യാപകമായ പ്രചാരം നൽകുന്നതിനുമായി, ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെയും പാലക്കാട് പ്രസ്സ് ക്ലബ്ബിന്റെയും സഹകരണത്തോടെ ജില്ലാതല മാധ്യമ ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ നിർവഹിച്ചു. സാമൂഹിക-സാമ്പത്തിക മേഖലകളില്‍ നിന്നും പുറന്തള്ളപ്പെട്ട സ്ത്രീകള്‍ക്ക് മുഖ്യധാരയില്‍ ഇടം കണ്ടെത്താന്‍ കുടുംബശ്രീയുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചതായി അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സാമൂഹികരംഗത്ത് ഇടപെടാന്‍ എങ്ങിനെ കഴിയും എന്ന് തെളിയിച്ചത് കുടുംബശ്രീയാണ്. കറി പൗഡർ യൂണിറ്റുകൾ മുതൽ ഐ.ടി. മേഖല വരെ വ്യാപിച്ചുകിടക്കുന്ന സംരംഭങ്ങള്‍ വഴി സ്ത്രീകളെ സ്വയം പര്യാപ്തരാക്കാൻ കുടുംബശ്രീക്ക് സാധിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.
പാലക്കാട് ടോപ് ഇൻ ടൗൺ ഹാളിൽ വച്ച് സംഘടിപ്പിച്ച ശില്പശാലയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രീയ കെ ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. അട്ടപ്പാടി ആദിവാസി ഉന്നതിയിലെ സമഗ്ര വികസന പദ്ധതികളെ സംബന്ധിച്ച് അട്ടപ്പാടി മേഖല കോര്‍ഡിനേറ്റര്‍ ജോമോൻ, കുടുംബശ്രീ സംരംഭമായ സ്വാപ്പ് ഷോപ്പ് കൂടുതൽ വിപുലമാക്കാനും സംരംഭ തലത്തിലേക്ക് വികസിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളെ കുറിച്ച് അസിസ്റ്റന്റ് കോർഡിനേറ്റർ ചിന്ദു മാനസ് എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് നോബിൾ ജോസ്, സെക്രട്ടറി എൻ ശ്രീനേഷ്, അട്ടപ്പാടി അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ ബി.എസ് മനോജ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ പി.ബി സുഭാഷ്,എസ് അനുരാധ, കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു. മാധ്യമപ്രവർത്തകർ, കുടുംബശ്രീ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments