Skip to main content
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമീഷന്‍ സിറ്റിങ്ങില്‍ സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍ പരാതി കേള്‍ക്കുന്നു

ആര്‍ടിഐ അപേക്ഷകളിലെ മറുപടികളില്‍ വ്യക്തമായ വിവരം നല്‍കണമെന്ന് വിവരാവകാശ കമീഷണര്‍

 

വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി മാത്രം നല്‍കിയാല്‍ പോരെന്നും വ്യക്തവും തൃപ്തികരവുമായ വിവരങ്ങള്‍ നല്‍കണമെന്നും സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്‍കുന്ന മറുപടിയില്‍ കൃത്യമായ വിവരം ഉണ്ടായില്ലെങ്കില്‍ വിവരാവകാശ നിയമപ്രകാരമുള്ള നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

രേഖകളുടെ പകര്‍പ്പ് ലഭിക്കാന്‍ ആവശ്യപ്പെട്ട ഫീസ് അടച്ചിട്ടും ലഭിച്ചില്ലെന്ന കോട്ടപ്പാടം ടി ഹുസൈന്‍ എന്നയാളുടെ പരാതിയില്‍ ഫറോക്ക് നഗരസഭ ക്ലീന്‍ സിറ്റി മുന്‍ മാനേജര്‍ക്കെതിരെ വിവരാവകാശ നിയമപ്രകാരം നടപടിയെടുക്കുമെന്ന് കമീഷണര്‍ അറിയിച്ചു.

ഫറോക്ക് താലൂക്ക് ആശുപത്രിയിലെ കവാട നിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് വി മഖ്ബൂല്‍ എന്നയാള്‍ ഫീസ് അടച്ചിട്ടും ആവശ്യപ്പെട്ട മുഴുവന്‍ പകര്‍പ്പും ലഭിച്ചില്ലെന്ന പരാതിയില്‍ കമീഷന്റെ നിര്‍ദേശപ്രകാരം എല്ലാ പകര്‍പ്പുകളും കൈമാറി. ഫറോക്ക് നഗരസഭയില്‍ സി കെ ബഷീര്‍ എന്നയാള്‍ നേരിട്ട് നല്‍കിയ അപേക്ഷ സ്വീകരിച്ചില്ലെന്ന പരാതിയില്‍, ഓണ്‍ലൈനായി മാത്രമല്ല നേരിട്ട് നല്‍കിയാലും സ്വീകരിക്കണമെന്നും വിവരാവകാശ അപേക്ഷകള്‍ ഒരു കാരണവശാലും സ്വീകരിക്കാതിരിക്കരുതെന്നും കമീഷണര്‍ നിര്‍ദേശിച്ചു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോക്കെതിരെ പുതുപ്പാടി അബ്ദുല്‍സലാം നല്‍കിയ പരാതിയില്‍, കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവരങ്ങളെല്ലാം ലഭിച്ചതായി ഹരജിക്കാരന്‍ അറിയിച്ചതിനാല്‍ അപേക്ഷ തീര്‍പ്പാക്കി.

സിറ്റിങ്ങില്‍ ഹാജരാവാത്ത ബേപ്പൂര്‍ പോലീസ് സ്റ്റേഷന്‍, തിരൂര്‍ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലെ വിവരാവകാശ ഓഫീസര്‍മാക്ക് സമന്‍സ് അയക്കുമെന്ന് കമീഷണര്‍ അറിയിച്ചു. സിറ്റിങ്ങില്‍ പരിഗണിച്ച 18 കേസുകളില്‍ 16 എണ്ണം തീര്‍പ്പാക്കി.

date