Skip to main content
0

വായന പക്ഷാചരണം: ആവേശമായി സംവാദ മത്സരം

വയന പക്ഷാചരണം ജില്ലാതല സമാപനത്തിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്കായി 'ഡിജിറ്റല്‍ വായന' വിഷയത്തില്‍ സംഘടിപ്പിച്ച സംവാദ മത്സരം ആവേശമായി. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസും ചേര്‍ന്ന് ഫാറൂഖ് ട്രെയിനിങ് കോളജിലാണ് സംവാദം സംഘടിപ്പിച്ചത്.

വായന മരിക്കുന്നില്ലെന്നും നൂതന സാങ്കേതിക വിദ്യയിലൂടെ വായനയെ പുതുതലമുറ ഏറ്റെടുക്കുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ വാദിച്ചു. ഡിജിറ്റല്‍ വായനയുടെ ഗുണങ്ങളും ദോഷങ്ങളും ചര്‍ച്ചയായ സംവാദത്തില്‍, സമയത്തിനും സന്ദര്‍ഭത്തിനുമനുസരിച്ച് വായനയുടെ രീതി മാറുമെന്ന അഭിപ്രായവും ഉയര്‍ന്നു.

ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് സലീം ഉദ്ഘാടനം നിര്‍വഹിച്ചു. ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് എഡിറ്റര്‍ എ കെ മുരളീധരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അബ്ദുല്‍ കരീം, എന്‍എസ്എസ് ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ഡോ. സി നൗഫല്‍, ഡോ. ഫര്‍ഹാന്‍ മലൂഫ്, ഇര്‍ഷാദ് കല്ലംപാറ, നിത്യ പയ്യേരി എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.    

മത്സരത്തില്‍ ദേവഗിരി സെന്റ് ജോസഫ് കോളേജിലെ പി ആര്‍ അനുവിന്ദ്, വി ഹിബ റസാഖ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനിലെ ടി ഏകന, ടി മുഹമ്മദ് ഹാരിസ് എന്നിവര്‍ രണ്ടും കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ സി റമീഷ, ബി എ ദേവിക ടീം മൂന്നും സ്ഥാനം നേടി.

date