കുരുന്നുകൾക്ക് ഇനി ഒന്നിച്ചിരുന്ന് പഠിക്കാം; പെരുമ്പളം ജിഎച്ച്എസ്എൽപി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന്(11)
താൽക്കാലിക ക്ലാസ് മുറികളിലെ പഠനത്തിന് വിടപറഞ്ഞ് പുതിയ സ്കൂൾ കെട്ടിടത്തിലെ സ്വന്തം ക്ലാസ് മുറികളിലിരുന്ന് പഠനം തുടരാമെന്ന സന്തോഷത്തിലാണ്
പെരുമ്പളം പഞ്ചായത്ത് ജിഎച്ച്എസ്എൽപി സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിന്റെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിടം ദലീമ ജോജോ എംഎൽഎ ഇന്ന് (ജൂലൈ 11ന്) നാടിന് സമർപ്പിക്കും.
150 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഇതുവരെ ആറ് ഡിവിഷനുകൾക്ക് മാത്രമാണ് സ്വന്തമായി ക്ലാസ് മുറികൾ ഉണ്ടായിരുന്നത്. ബാക്കി മൂന്ന് ഡിവിഷനുകളിലെ കുട്ടികളുടെ പഠനം താൽക്കാലിക ക്ലാസ് മുറികളിലായിരുന്നു. സ്കൂളിന്റെ പരിമിതമായ സൗകര്യം നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി പുതിയ കെട്ടിടമൊരുക്കാൻ ദലീമ ജോജോ എംഎൽഎ ഫണ്ട് അനുവദിച്ചതിന്റെ ഫലമായാണ് പുതിയ ക്ലാസ് മുറികളെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടുവഴി അനുവദിച്ച 60.86 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. ഒറ്റ നിലയില്‍ മൂന്ന് ക്ലാസ് മുറികളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്. യു വി ജെ ടെക്‌നോളജിസ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ സി എസ് ആർ തുക വിനിയോഗിച്ച് സ്മാർട്ട് ക്ലാസ് മുറിയും സജ്ജീകരിച്ചിട്ടുണ്ട്.
രാവിലെ 10.30ന് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി ആശ അധ്യക്ഷയാകും. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത മുഖ്യാതിഥിയാകും. യുവിജെ ടെക്നോളജിസ്, ഇൻഫോപാർക് ബേബി ജോൺ വിശിഷ്ടാതിഥിയാകും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുക്കും.
- Log in to post comments