Skip to main content

പെരുമ്പളം ജിഎച്ച്എസ്എൽപി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

 

 

നിർമ്മാണം പൂർത്തിയാക്കിയ 

പെരുമ്പളം ജിഎച്ച്എസ്എൽപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെയും സ്മാർട്ട്‌ ക്ലാസ് റൂമിന്റെയും ഉദ്ഘാടനം ദലീമ ജോജോ എംഎൽഎ നിർവഹിച്ചു. 

മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളിൽ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ദലീമ ജോജോ എംഎൽഎയുടെ ആസ്തി വികസന ഫണ്ടുവഴി അനുവദിച്ച 60.86 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂളിൽ പുതിയ കെട്ടിടം നിർമിച്ചത്. 150 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഇതുവരെ ആറ് ഡിവിഷനുകൾക്ക് മാത്രമാണ് സ്വന്തമായി ക്ലാസ് മുറികൾ ഉണ്ടായിരുന്നത്. ബാക്കി മൂന്ന് ഡിവിഷനുകളിലെ കുട്ടികളുടെ പഠനം താൽക്കാലിക ക്ലാസ് മുറികളിലായിരുന്നു. ഒറ്റ നിലയില്‍ മൂന്ന് ക്ലാസ് മുറികളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്. യുവിജെ ടെക്‌നോളജീസ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ സിഎസ്ആർ തുക വിനിയോഗിച്ച് സ്മാർട്ട് ക്ലാസ് മുറിയും സജ്ജീകരിച്ചിട്ടുണ്ട്. 

 

ചടങ്ങിൽ പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി വി ആശ അധ്യക്ഷയായി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത മുഖ്യാതിഥിയായി. യുവിജെ ടെക്നോളജീസ് സീനിയർ മാനേജർ ബേബി ജോൺ വിശിഷ്ടാതിഥിയായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശ്രീമോൾ ഷാജി, കുഞ്ഞൻ തമ്പി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം ശോഭന കുമാരി, തുറവൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹെലൻ കുഞ്ഞ് കുഞ്ഞ്, പ്രഥമാധ്യാപകൻ എസ് ബിജു, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഐ റംല ബീവി, പിടിഎ പ്രസിഡന്റ്‌ ടി എ രാജീവ്‌, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date