നവീകരിച്ച കല്‍പ്പറ്റ റസ്റ്റ് ഹൗസ് 23ന് മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും
നവീകരണം പൂര്‍ത്തിയായ കല്‍പ്പറ്റ റസ്റ്റ് ഹൗസ് ഉദ്ഘാടനത്തിനൊരുങ്ങി. നവംബര്‍ 23ന് രാവിലെ 9.30ന് പൊതുമരാമത്ത് - രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി. സുധാകരന് ഉദ്ഘാടനം നിര്‍വഹിക്കും. കല്‍പ്പറ്റ വിജയാ പമ്പിനു സമീപം നടക്കുന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. എം.പി. വിരേന്ദ്രകുമാര്‍ എം.പി, എം.എല്‍.എമാരായ ഒ.ആര്. കേളു, ഐ.സി. ബാലകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലയിലെ മറ്റു ജനപ്രതിനിധികള്‍ ആശംസകളര്‍പ്പിക്കും.
കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏക വിശ്രമ മന്ദിരമാണ് ജില്ലാ പൊലീസ് ആസ്ഥാനത്തിനു സമീപം സ്ഥിതി ചെയ്യുന്ന റസ്റ്റ് ഹൗസ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പണികഴിപ്പിച്ച കെട്ടിടം കാലപ്പഴക്കത്തെ തുടര്‍ന്ന് 1.96 കോടി രൂപ ചെലവില്‍ നവീകരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഫ്ളോറിംഗ്, ജനലുകള്‍, വാതിലുകള്‍, ജലവിതരണ ലൈനുകള്‍, സാനിട്ടറി സംവിധാനം തുടങ്ങിയവ മാറ്റി സ്ഥാപിച്ചു. നൂറുപേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ പുതുതായി പണി കഴിപ്പിച്ചിട്ടുണ്ട്. ഫര്‍ണിച്ചറുകള്‍, രണ്ടു ബ്ലോക്കുകളിലായി മൂന്ന് വി.ഐ.പി മുറികള്‍, ഒരു പി.ഡബ്ല്യു.ഡി റൂം ഉള്‍പ്പെടെ 15 മുറികള്‍ ഇവിടെ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനോടൊപ്പം കാന്റീന് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2015ല്‍ കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ സാങ്കേതിക അനുമതി നല്‍കുകയും പൊതുമരാമത്ത് ഉത്തരമേഖല കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2016ല്‍ അടങ്കലിനേക്കാള്‍ 5.37 ശതമാനം കുറഞ്ഞ നിരക്കില്‍ കരാര്‍ നല്കി നവീകരണം പൂര്‍ത്തിയാക്കുകയായിരുന്നു.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കുന്ന കല്‍പ്പറ്റ-വാരാമ്പറ്റ റോഡ്, കണിയാമ്പറ്റ-മീനങ്ങാടി റോഡ്, മേപ്പാടി-ചൂരല്‍മല റോഡിന്റെയും നബാര്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന താളിപ്പാറക്കടവ് പാലം, മാംബിലിച്ചിക്കടവ് പാലം നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനവും മന്ത്രി ഇതേ വേദിയില്‍ നിര്‍വ്വഹിക്കും. കല്‍പ്പറ്റ-വാരാമ്പറ്റ റോഡിന് 56.66 കോടിയും മേപ്പാടി-ചൂരല്‍മല റോഡിന് 40.96 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. കല്‍പ്പറ്റ-സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കണിയാമ്പറ്റ-മീനങ്ങാടി റോഡിന്റെ നിര്‍മ്മാണത്തിന് 38.99 കോടി രൂപയും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) അനുവദിച്ചിട്ടുണ്ട്. കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മാംബിലിച്ചിക്കടവ് പാലത്തിന് 11.64 കോടിയും കല്‍പ്പറ്റ-മാനന്തവാടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന താളിപ്പാറക്കടവ് പാലത്തിന് 17.55 കോടിയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
- Log in to post comments