Skip to main content
..

കര്‍ക്കിടകവാവ് ബലിതര്‍പണത്തിന് ക്രമീകരണങ്ങള്‍

കര്‍ക്കിടകവാവ് ബലിതര്‍പണത്തിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ചേര്‍ന്ന യോഗം വിലയിരുത്തി. താലൂക്ക്തലത്തില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലും തിരുമുല്ലവാരം, മുണ്ടയ്ക്കല്‍ പാപനാശം എന്നിവിടങ്ങളിലെ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് സബ് കലക്ടറുടെ നേതൃത്വത്തിലും പ്രത്യേക യോഗം ചേരാന്‍ തീരുമാനിച്ചു.
സുരക്ഷക്രമീകരണചുമതല സിറ്റി-റൂറല്‍ പൊലിസ് മേധാവികള്‍ക്കാണ്.  ലൈഫ് ഗാര്‍ഡുകള്‍, സ്‌കൂബ മുങ്ങല്‍ വിദഗ്ധര്‍ എന്നിവരുടെ സേവനം ഫയര്‍ഫോഴ്സ്-ടൂറിസം വകുപ്പുകള്‍ ഉറപ്പാക്കണം.  തീരദേശ റോഡിലെ അറ്റകുറ്റപണികള്‍ തീര്‍ക്കാനും നിര്‍ദേശം നല്‍കി.
 റോഡില്‍ പൈപ്പ്സ്ഥാപിക്കാനായി തിരുമുല്ലവാരത്ത് എടുത്ത കുഴികള്‍ വാട്ടര്‍ അതോറിറ്റി നികത്തി പൂര്‍വസ്ഥിതിയിലാക്കണം. ഇരവിപുരം മുതല്‍ മുണ്ടയ്ക്കല്‍ പാലംവരെയുള്ള  പാത  കോര്‍പ്പറേഷന്‍ നവീകരിക്കണം. മുണ്ടയ്ക്കല്‍ പാപനാശം ക്ഷേത്രത്തിലേക്കുള്ള പാതയില്‍ ദിശാസൂചിക ബോര്‍ഡുകളും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കാന്‍ കെ എസ് ഇ ബി, പൊതുമരാമത്ത് വകുപ്പുകളെ ചുമതലപ്പെടുത്തി.
 ബലിതര്‍പ്പണകേന്ദ്രങ്ങളില്‍ ശൗചാലയങ്ങള്‍ ഒരുക്കണം. പ്രഥമ ശുശ്രൂഷ നല്‍കുന്നതിനായി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ഡോക്ടര്‍, നഴ്‌സ് എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘങ്ങളെ നിയോഗിക്കണം. ഹരിത ചട്ടങ്ങളുടെഭാഗമായി വേസ്റ്റ്ബിന്നുകള്‍ ഏര്‍പ്പെടുത്തണം.  കുടിവെള്ള വിതരണം ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റി, കോര്‍പ്പറേഷന്‍, പഞ്ചായത്തുകള്‍ എന്നിവ നടപടികള്‍ സ്വീകരിക്കണം. ആവശ്യമെങ്കില്‍ ടാങ്കര്‍ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തണം.
ഭക്തജനങ്ങള്‍ക്ക് വന്നുപോകാന്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തും. ബലിതര്‍പ്പണ കേന്ദ്രങ്ങളിലെ  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്  ദേവസ്വം ബോര്‍ഡ് അധികമായി തൊഴിലാളികളെ നിയോഗിക്കണം. പ്രദേശം ലഹരിരഹിതമാക്കുന്നതിന് പോലീസ്,  എക്‌സൈസ് വകുപ്പുകളുടെ    പരിശോധനയും നീരീക്ഷണവും ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.
സബ് കലക്ടര്‍ നിഷാന്ത് സിഹാര, എ.ഡി.എം ജി നിര്‍മല്‍കുമാര്‍, ക്ഷേത്രഭരണസമിതി-ദേവസ്വം ഭാരവാഹികള്‍, വിവിധ  വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date