Skip to main content
കട്ടപ്പന പീപ്പിള്‍സ് ബസാര്‍ ഉദ്ഘാടനം

കട്ടപ്പന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഇനി പീപ്പിള്‍സ് ബസാര്‍. ഉല്പ്പന്നങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുകയെന്നത് ഉപഭോക്താവിന്റെ അവകാശമാണെന്ന് മന്ത്രി പി. തിലോത്തമന്‍.

 

എല്ലാ ഉല്പന്നങ്ങളും നേരിട്ട് തെരഞ്ഞെടുക്കുകയെന്നത് ഉപഭോക്താവിന്റെ ഏറ്റവും വലിയ അവകാശമാണെന്ന് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍. കട്ടപ്പനയിലെ സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റും പീപ്പിള്‍സ് ബസാറുമൊക്കെയായി ഉയര്‍ത്തുമ്പോള്‍ ഉപഭോക്താക്കളുടെ സ്വയം തിരഞ്ഞെടുക്കാനുള്ള അവകാശമാണ് സാധ്യമാകുന്നത്. സബ്‌സിഡി ഉല്പ്പന്നങ്ങളോടൊപ്പം കയര്‍ഫെഡ്, ഫിഷറീസ് തുടങ്ങി എല്ലാ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെയും ഉല്പന്നങ്ങള്‍ സപ്ലൈകോ മാര്‍ക്കറ്റുകളിലെത്തിച്ച് ന്യായവിലയ്ക്ക് വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഇതിന്റെ ആദ്യ ഘട്ടം ആരംഭിച്ചു കഴിഞ്ഞു. റേഷന്‍ കടകള്‍ നവീകരിക്കുകയും സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും.റേഷന്‍ പൊതുവിതരണം സുതാര്യമാക്കുന്നതിനെ ഭാഗമായി ഇപോസ് മെഷീന്‍ വെയിംഗ് മെഷീനുമായി യോജിപ്പിക്കും. അവശ്യസാധനങ്ങളുടെ വിപണനത്തിനു പുറമെ ബാങ്കിംഗ് സര്‍വ്വീസുകള്‍ക്കു കൂടി റേഷന്‍കടകളെ ഉപയോഗപ്പെടുത്തുന്നതിന് നടപടികളാരംഭിക്കും.. അടിസ്ഥാന സൗകര്യങ്ങള്‍ നഗരസഭ ലഭ്യമാക്കി നല്കിയാല്‍ പുളിയന്‍ മലയില്‍ പുതിയ മാവേലി സ്റ്റോര്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

പീപ്പിള്‍സ് ബസാറിന്റെ പ്രവര്‍ത്തനങ്ങള്‍ നാട മുറിച്ച് ഉദ്ഘാടനം ചെയ്തതോടൊപ്പം ആദ്യ വില്പനയും മന്ത്രി നിര്‍വഹിച്ചു. കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ മനോജ് എം.തോമസ് അധ്യക്ഷത വഹിച്ചു. നല്ല വിപണനം നടന്നാല്‍ മാത്രമേ മാവേലി സ്റ്റോറുകള്‍ സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളായി ഉയര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഇതിനായി പൊതുജനങ്ങളുടെ നല്ല സഹകരണം ഉണ്ടാക്കണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഇ.എസ് ബിജിമോള്‍ എം.എല്‍.എ പറഞ്ഞു.

കട്ടപ്പന പുതിയ ബസ്സ്റ്റാന്റിന് എതിര്‍വശത്ത് പബ്ലിക് ലൈബ്രറിക്ക് സമീപമുള്ള കെട്ടിടത്തില്‍ വിപുലമായ സൗകര്യത്തോടെ ആറ് ഷട്ടറുകളിലായാണ് സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ ആരംഭിച്ചിരിക്കുന്നത്. കട്ടപ്പന - ഗുരുമന്ദിരം റോഡിനു സമീപമുളള കെട്ടിടത്തി കഴിഞ്ഞ ഏഴുവര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്ന സൂപ്പര്‍ മാര്‍ക്കറ്റാണ് പീപ്പിള്‍സ് ബസാറായി ഉയര്‍ത്തിയത്.

പീപ്പിള്‍സ് ബസാറില്‍ നാല് ബില്ലിംഗ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്. നിലവിലുള്ള സപ്ലൈകോ - സൂപ്പര്‍ മാര്‍ക്കറ്റ്  ഉല്പപന്നങ്ങള്‍, പഴം പച്ചക്കറി വിപണി എന്നിവയ്ക്കു പുറമെ കയര്‍ഫെഡ്, മില്‍മ എന്നിവയുടെ ഉല്പ്പന്നങ്ങളും

ബസാറില്‍ ലഭ്യമാണ്.

 

നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ രാജമ്മരാജന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ  ജോയി വെട്ടിക്കുഴി, ലീലാമ്മ ഗോപിനാഥ്, തോമസ് മൈക്കിള്‍, എമിലി ചാക്കോ, ബെന്നി കല്ലൂപുരയിടം, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സപ്ലൈകോ കോട്ടയം മേഖല മാനേജര്‍ ജ്യോതികൃഷ്ണ ബി സ്വാഗതവും ഇടുക്കി താലൂക്ക് സപ്ലൈ ആഫീസര്‍  ബി.വില്‍ഫ്രഡ് നന്ദിയും പറഞ്ഞു

 

date