Skip to main content

കട്ടപ്പന കോടതി സമുച്ചയ അനുബന്ധ മന്ദിരത്തിന്റെ   ശിലാസ്ഥാപനം നടന്നു.

 

 

 കട്ടപ്പന കോടതി സമുച്ചയത്തില്‍ നിര്‍മ്മിക്കുന്ന അനുബന്ധ കോടതി മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം

ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു നിര്‍വ്വഹിച്ചു. ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന സാക്ഷരതയുമുള്ള കേരളീയര്‍ പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കുന്നതിന് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഹര്‍ത്താല്‍ പോലുള്ള സമരമാര്‍ഗങ്ങള്‍

 ഒഴിവാക്കി ഇതര രീതികള്‍ അവലംബിക്കുന്നതാകും അഭികാമ്യമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കോടതി അങ്കണത്തില്‍ നടന്ന പൊതുസമ്മേളനത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജുഡിഷ്യറിയെ ശക്തിപ്പെടുത്തുന്നതിന് കോടതികളുടെ അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്നും കോടതികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 527 കോടി രൂപയുടെ പ്രവര്‍ത്തികളാണ് ഈ സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും  മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കോടതി ഉത്തരവുകള്‍ അനുസരിക്കുകയെന്നത് നിയമ വ്യവസ്ഥയോടുള്ള ആദരവും സംസ്‌കാരത്തിന്റെ ഭാഗവുമാണ്. കോടതി ഉത്തരവുകള്‍ വ്യക്തതയോടെ ജനങ്ങളിലെത്തിക്കുവാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും  മന്ത്രി പറഞ്ഞു.

കോടതികളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. വൈകികിട്ടുന്ന നീതിക്കൊണ്ട് പ്രയോജനമില്ല. രാജ്യത്ത് ആവശ്യത്തിന് കോടതികളില്ലാത്തത് വേഗത്തില്‍ നീതി ലഭിക്കുന്നതിന് തടസമാകുന്നു. കോടതികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ കോടതികളുടെ എണ്ണവും വര്‍ദ്ധിപ്പിച്ച് സാധാരണക്കാര്‍ക്ക് പ്രയോജനകരമാകും വിധം കോടതി നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കോടതിക്ക് മന്ദിരം നിര്‍മ്മിക്കുന്നത്. 18 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കുന്ന

നിര്‍ദ്ദിഷ്ട ഇരുനില കെട്ടിടത്തില്‍

താഴത്തെ നിലയില്‍ ബാര്‍ അസോസിയേഷന്‍ ഹാള്‍, പോലീസ് വിശ്രമമുറി, കാന്റീന്‍, ടോയ്‌ലറ്റ് സംവിധാനങ്ങളും മുകള്‍നിലയില്‍ കോടതി ഹാള്‍, ചേംബര്‍, ഓഫീസ് എന്നിവ പ്രവര്‍ത്തിക്കും.ജില്ലയുടെ പ്രത്യേകഘടന കണക്കിലെടുത്ത് ഹൈറേഞ്ച് മേഖലയായ കട്ടപ്പനയില്‍ അഡീഷണല്‍ ജില്ലാ കോടതി ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് യോഗത്തില്‍ ആശംസകളര്‍പ്പിച്ച് അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി.പറഞ്ഞു.യോഗത്തില്‍ തൊടുപുഴ ജുഡിഷ്യല്‍ ജില്ലാ ജഡ്ജ് മൊഹമ്മദ് വസിം സ്വാഗതം പറഞ്ഞു. ജില്ലാ കലക്ടര്‍ ജീവന്‍ ബാബു.കെ, കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ മനോജ് എം.തോമസ്, കട്ടപ്പന ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.ജി.ഷാജിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, പിഡബ്ലുഡി ഉദ്യോഗസ്ഥര്‍

പൊതുപ്രവര്‍ത്തകര്‍, കട്ടപ്പന ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജോഷി മണിമല, വക്കീല്‍മാര്‍, കോടതി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date