സംസ്ഥാന സർക്കാരിന്റെ പ്രഥമ ആയുഷ് കായകൽപ്പ അവാർഡ് : ജില്ലാ പഞ്ചായത്തിന് ഇരട്ടത്തിളക്കം
ജില്ലാ ആയുർവേദ ആശുപത്രിക്ക് ഒന്നാം സ്ഥാനം
ജില്ലാ ഹോമിയോ ആശുപത്രിക്ക് രണ്ടാം സ്ഥാനം
സംസ്ഥാനത്തെ മികച്ച ആയുർവേദ ആശുപത്രികൾക്കും ഹോമിയോ ആശുപത്രികൾക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രഥമ ആയുഷ് കായകൽപ്പ അവാർഡിൽ എറണാകുളം ജില്ലാ പഞ്ചായത്തിന് ഇരട്ട തിളക്കം. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജില്ലാ ആയുർവേദ ആശുപത്രി, ആയുർവേദ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ഹോമിയോപ്പതി വിഭാഗത്തിൽ ജില്ലാ ഹോമിയോ ആശുപത്രി രണ്ടാം സ്ഥാനവും സ്വന്തമാക്കി. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള രണ്ട് ജില്ലാ ആശുപത്രികൾക്ക് ഒരേ സമയം സംസ്ഥാന അവാർഡ് ലഭ്യമായത് ചരിത്രനേട്ടമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു.
*മികവിന്റെ കേന്ദ്രമായി കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രി*
എറണാകുളം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന മികവിന്റെ കേന്ദ്രമാണ് കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിവർഷം 3 കോടി രൂപയിലധികം ചെലവഴിച്ച് അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം രോഗികൾക്കാവശ്യമായ മരുന്നും അനുബന്ധ സംവിധാനങ്ങളും ഒരുക്കി മികച്ച സേവനം നൽകുന്ന ജില്ലാ ആയുർവേദ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി നൂറുകണക്കിനാളുകളാണ് ചികിത്സക്കായി പ്രതിദിനം എത്തുന്നത്. എറണാകുളം ജില്ലാ പഞ്ചായത്ത് ഗർഭിണികൾക്കും അമ്മമാർക്കുമായി നടപ്പിലാക്കുന്ന മാതൃവന്ദനം, ആയുർവേദ പാലിയേറ്റീവ് ഹോം കെയർ, വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായി നടപ്പിലാക്കിയിട്ടുള്ള ആരോഗ്യലക്ഷ്മി, വയോജനങ്ങൾക്കായി നടപ്പിലാക്കുന്ന വയോ രക്ഷ എന്നീ പദ്ധതികളും ജില്ലാ ആശുപത്രിയിൽ വിജയകരമായി നടത്തുന്നു. ദിനം പ്രതി എണ്ണൂറിൽ പരം രോഗികൾ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ ചികിത്സ തേടി എത്തുന്നു. കൂടാതെ ആയുർവേദ ജനറൽ മെഡിസിൻ വിഭാഗം, മർമ്മ വിഭാഗം, അനൊറക്റ്റൽ വിഭാഗം (പൈൽസ്, ഫിസ്റ്റുല തുടങ്ങിയവ), നേത്ര വിഭാഗം, ദൃഷ്ടി പദ്ധതി, പഞ്ചകർമ്മ വിഭാഗം, ബാലചികിത്സാ വിഭാഗം, സ്പോർട്സ് ആയുർവ്വേദം (കായിക താരങ്ങൾക്കുണ്ടാകുന്ന പരിക്കിനുള്ളത്), ജീവനി പദ്ധതി (പ്രമേഹ രോഗത്തിനുള്ളത്) സിദ്ധ വിഭാഗം, യോഗ & നാച്യുറോപ്പതി വിഭാഗം എന്നീ ചികിത്സാ വിഭാഗങ്ങളുടെ സേവനം എല്ലാ ദിവസവും പൊതു ജനങ്ങൾക്കു ലഭ്യമാകുന്നു. ജനറൽ വാർഡ്, പേ വാർഡ് തുടങ്ങിയ സൗകര്യങ്ങളിൽ ഐ.പി വിഭാഗത്തിൽ 66 ബെഡ് സൗകര്യവും ഈ ആശുപത്രിയിലെ ഗുണഭോക്താക്കൾക് ലഭ്യമാകുന്നു.
*രോഗീ സൗഹൃദ കേന്ദ്രം - ജില്ലാ ഹോമിയോ ആശുപത്രി*
പ്രതിദിനം 500 ൽ അധികം പേർ ചികിത്സ തേടിയെത്തുന്ന ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ 20 ഡോക്ടർമാരും 35 നടുത്ത് മറ്റ് ജീവനക്കാരും സേവനം ചെയ്യുന്നു. ജനറൽ ഒ.പിക്ക് പുറമെ വന്ധ്യത ചികിത്സയ്ക്ക് മാത്രമായുള്ള പ്രത്യേക വിഭാഗമായ ജനനി,
ഡയറ്റ് കൺസൾട്ടേഷൻ, ജീവിതശൈലി രോഗ കൗൺസിംഗ്, മാനസിക സംഘർഷ ലഘൂകരണം എന്നിവ അടങ്ങിയ ജീവിത ശൈലി നിവാരണ സമഗ്ര ചികിത്സ പദ്ധതിയായ ആയുഷ്മാ മാൻ ഭവ,
കുട്ടികളിൽ കാണുന്ന സ്വഭാവ പെരുമാറ്റ വൈകല്യങ്ങളും പഠന പിന്നോക്ക അവസ്ഥയും കണ്ടെത്തി ഹോമിയോപ്പതി ചികിത്സക്കൊപ്പം കൗണ്സിലിംഗും സ്പെഷ്യല് എഡ്യൂക്കേറ്ററുടെ സേവനവും ഉൾപ്പെട്ട ചികിത്സ രീതിയായ സദ്ഗമയ, പെയിൻ ആന്റ് പാലിയേറ്റീവ് യൂണിറ്റ്, അലർജി, ആസ്മ ഒ.പി തുടങ്ങിയ പ്രത്യേക സേവനങ്ങളും ലഭ്യമാകുന്ന ജില്ലാ ഹോമിയോ ആശുപത്രിയിൽ സ്ഥിരമായി യോഗ പരിശീലനം, ജില്ലാ പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയർ എന്നീ സേവനങ്ങളും മാതൃകാപരമായി നടന്നു വരുന്നു. 1972 ൽ തമ്മനം -പുല്ലേപ്പടി റോഡിൽ ആരംഭിച്ച ഹോമിയോ ആശുപത്രി മികച്ച രോഗീ സൗഹൃദ കേന്ദ്രമാണ്.
ആരോഗ്യ മേഖലയിൽ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി പ്രതിവർഷം 8 കോടി രൂപയോളമാണ് ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രികൾക്കുള്ള പദ്ധതി വിഹിതമായി മാറ്റി വക്കുന്നതെന്നും അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ആശുപത്രികളെ പൂർണ്ണമായും മികവാർന്ന സേവനം ലഭ്യമാകുന്ന രോഗീ സൗഹ്യദ കേന്ദ്രമാക്കുന്നതിനും നടത്തിയ ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ആയുർവേദ വിഭാഗത്തിലും ഹോമിയോ വിഭാഗത്തിലും ലഭ്യമായ സംസ്ഥാന അവാർഡ് എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു. രണ്ട് ആശുപത്രികളിലേയും മെഡിക്കൽ ഓഫീസർമാരും ജീവനക്കാരും ഉൾപ്പെടെ കൂട്ടായി നടത്തിയ പ്രവർത്തനങ്ങളാണ് സംസ്ഥാന പുരസ്ക്കാരത്തിലേക്ക് നയിച്ചതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
*അവാർഡ് തിളക്കത്തിൽ വിജയാഹ്ലാദം*
സംസ്ഥാന അവാർഡ് നേട്ടത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയിലും ജില്ലാ ഹോമിയോ ആശുപത്രിയിലും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും വിജയാഹ്ലാദ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൽസി ജോർജ്, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ എം.ജെ ജോമി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷെഫീക്ക്, ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ.പി സലീം, ഡോ. മേഴ്സി ഗോൺസാൽവസ് , ഡി.പി.എം ഡോ. കെ.വി.പി ജയകൃഷ്ണൻ, ഡോ.എ ഷമ്മി, ഡോ.എസ് ശ്രീവിദ്യ, ഡോ. സിന്ധു ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments