Skip to main content
കോന്നി

വെന്നിക്കൊടിയേന്തി കോന്നി അത്യാധുനി സൗകര്യം ഒരുക്കി മെഡിക്കല്‍ കോളജ്

ആതുര സേവന രംഗത്ത് വികസന കുതിപ്പോടെ കോന്നി മെഡിക്കല്‍ കോളജ്. കുറഞ്ഞ ചിലവില്‍ ആധുനിക നിലവാരത്തിലുള്ള ചികിത്സ നല്‍കുന്നതിന് ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഇഎന്‍ടി, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, സൈക്കാട്രി, ഒഫ്താല്‍മോളജി വിഭാഗങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

ഫുള്‍ ഓട്ടോമാറ്റിക്ക് ഹെമറ്റോളജി, സെമി ഓട്ടോമാറ്റിക്ക് യൂറിന്‍ അനലൈസര്‍, മൈക്രോസ്‌കോപ്പ്, ഇന്‍ കുബേറ്റര്‍, ഹോട്ട് എയര്‍ ഓവന്‍ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ് ലബോറട്ടറി.  ജില്ലയിലെ ആദ്യ അത്യാധുനിക 128 സ്ലൈസ് സി.ടി സ്‌കാനും ഇവിടെയുണ്ട്. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ സി.ടി, അള്‍ട്രാസൗണ്ട്, എക്‌സ്റേ സൗകര്യവും അവശ്യമരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കി അത്യാധുനിക ഫാര്‍മസിയും ബ്ലഡ് ബാങ്കും നിലവിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും മെഡിസെപ്പ് സേവനവും സജ്ജം.
ആശുപത്രി വികനത്തിന്റെ ആദ്യ ഘട്ടത്തില്‍ 167.33 കോടി രൂപ വിനിയോഗിച്ച് 300 കിടക്കകളുള്ള ആശുപത്രി- അക്കാദമിക് ബ്ലോക്ക് നിര്‍മിച്ചു. അത്യാഹിതം, ഒ.പി, ഐ.പി വിഭാഗങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചത് ചികിത്സയ്ക്കായി മറ്റു ജില്ലകളെ ആശ്രയിച്ചിരുന്ന മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ഉപകാരമായി.

കിഫ്ബി വഴി രണ്ടാംഘട്ട പ്രവര്‍ത്തനത്തിന് അനുവദിച്ച 351.72 കോടി രൂപയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ആശുപത്രിക്കും കോളജിനും അഡ്മിനിസ്ട്രേഷനുമായി പുതിയ ബ്ലോക്ക്, വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍, അപ്പാര്‍ട്ട്മെന്റുകള്‍, ഡീന്‍സ് വില്ല, ഓഡിറ്റോറിയം, മോര്‍ച്ചറി, ലോണ്‍ട്രി തുടങ്ങിയവയുടെ നിര്‍മാണമാണ് രണ്ടാം ഘട്ടത്തിലുള്‍പ്പെടുന്നത്.

ഫോറന്‍സിക് വിഭാഗത്തിന്റെ ഭാഗമായ മോര്‍ച്ചറി ബ്ലോക്കില്‍ മജിസ്റ്റീരിയല്‍, പൊലീസ് ഇന്‍ക്വസ്റ്റ് റൂമുകള്‍, മൃതദേഹം സൂക്ഷിക്കാന്‍ 10 കോള്‍ഡ് ചേമ്പര്‍, പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള നാലു ഓട്ടോപ്സി ടേബിള്‍, മെഡിക്കല്‍ ഓഫീസര്‍ റൂം, സ്റ്റാഫ് റൂം, റിസപ്ഷന്‍ എന്നിവയും സജ്ജമാക്കി.
20 കിടക്കകളുള്ള ഐസിയു, ഏഴ് വെന്റിലേറ്റര്‍ ബെഡുകള്‍, ലക്ഷ്യ നിലവാരത്തില്‍ മൂന്നര കോടി രൂപ ചെലവഴിച്ച് ഗൈനക്കോളജി വിഭാഗത്തില്‍ രണ്ട് ഓപ്പറേഷന്‍ തീയറ്റര്‍, ലേബര്‍ റൂം, വാര്‍ഡുകള്‍ എന്നിവയും പൂര്‍ത്തിയായി. 200 കിടക്കകളും അഞ്ച് വിഭാഗങ്ങളും ചേര്‍ന്ന ഏഴുനില ആശുപത്രി കെട്ടിടവും 800 സീറ്റുള്ള ഓഡിറ്റോറിയത്തിന്റെ നിര്‍മാണവും അവസാനഘട്ടത്തിലാണ്.

സമഗ്ര വികസനം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് ആരോഗ്യ മേഖലയിലേത്. സാന്ത്വന പരിചരണത്തോടൊപ്പം വിദ്യാഭ്യാസ മേഖലയ്ക്കും മുതല്‍ക്കുട്ടാണ് കോന്നി മെഡിക്കല്‍ കോളജ്.
ജില്ലയിലെ ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജായ ഇവിടെ എംബിബിഎസ് പഠനത്തിനെത്തിയിരിക്കുന്നത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 300 ഓളോം വിദ്യാര്‍ഥികളാണ്.

 

date