സ്വച്ഛ് സര്‍വേക്ഷന്‍ സര്‍വേ: കോഴിക്കോട് കോര്‍പറേഷനും പയ്യോളി നഗരസഭക്കും നേട്ടം
കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സര്‍വേയായ സ്വച്ഛ് സര്‍വേക്ഷന്‍ 2024ല്‍ മികച്ച നേട്ടവുമായി കോഴിക്കോട് കോര്‍പ്പറേഷനും പയ്യോളി നഗരസഭയും. രാജ്യത്തെ 4,852 തദ്ദേശ സ്ഥാപനങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ 70ാം റാങ്കിലെത്തി. 2023ല്‍ 3,367 ആയിരുന്നു കോര്‍പറേഷന്റെ സ്ഥാനം. 2016 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്ന സര്‍വേയില്‍ 1000ത്തില്‍ താഴെ റാങ്കിലേക്ക് കേരളത്തിലെ ഒരു നഗരസഭയും ഇതുവരെ എത്തിയിരുന്നില്ല.
'ഗാര്‍ബേജ് ഫ്രീ സിറ്റി' വണ്‍ സ്റ്റാര്‍ റാങ്കിങ്ങില്‍ സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട 20 നഗരങ്ങളില്‍ പയ്യോളി നഗരസഭയും ഇടം പിടിച്ചു. ആദ്യമായാണ് സര്‍വേക്ഷനിലെ പ്രധാന ഘടകമായ ഗാര്‍ബേജ് ഫ്രീ സിറ്റീസ് സ്റ്റാര്‍ റേറ്റിങ്ങില്‍ സംസ്ഥാനത്തെ നഗരസഭകള്‍ സ്ഥാനം പിടിക്കുന്നത്. സ്വച്ഛ് സര്‍വേഷനില്‍ കഴിഞ്ഞ വര്‍ഷം 3,707ാം റാങ്കിലായിരുന്ന പയ്യോളി ഇത്തവണ 596ാം സ്ഥാനത്തെത്തി. 2024 സര്‍വേക്ഷനില്‍ കൂടുതല്‍ മികവ് പുലര്‍ത്താനായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ എല്ലാ നഗരസഭകളിലും സ്വച്ഛ് സര്‍വേക്ഷന്‍ പ്രീ അസസ്മെന്റ് നടത്തിയിരുന്നു. ഈ പരിശോധനയില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിച്ചതും റാങ്കില്‍ മുന്നേറാന്‍ സഹായകമായി.
ജില്ലയിലെ എല്ലാ നഗരങ്ങളും നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന നിരന്തര പരിശ്രമമാണ് നേട്ടത്തിന് പിന്നിലെന്നും ജില്ലാ ശുചിത്വ മിഷന്‍ ഓഫീസ് അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍നിന്ന് മന്ത്രി എം ബി രാജേഷും സംഘവും കേരളത്തിനായി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
- Log in to post comments