Skip to main content
 എഴുമറ്റൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കുന്നു

റവന്യൂ വകുപ്പില്‍ വിപ്ലവകരമായ മാറ്റം: മന്ത്രി കെ രാജന്‍

റവന്യൂ വകുപ്പില്‍ വിപ്ലവകരമായ മാറ്റം തുടരുമെന്ന് വകുപ്പ് മന്ത്രി കെ രാജന്‍. എഴുമറ്റൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങള്‍ക്ക്  വേഗതയില്‍ സേവനം ലഭ്യമാക്കാന്‍  ഡിജിറ്റല്‍ കാര്‍ഡ് ഒരുക്കുകയാണ് റവന്യു വകുപ്പ്. ഇതിലൂടെ വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന വിവരം ചിപ്പുകള്‍ പതിപ്പിച്ച ഒറ്റ കാര്‍ഡില്‍ പൊതുജനങ്ങള്‍ക്ക്  ലഭ്യമാകും.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ നാല് വര്‍ഷമായി സംസ്ഥാനത്ത് 2,23,000ല്‍ അധികം പട്ടയങ്ങള്‍ വിതരണം ചെയ്തു. 'എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ' എന്ന മുദ്രവാക്യത്തോടെ റവന്യൂ വകുപ്പ് നടപ്പാക്കുന്ന പ്രവര്‍ത്തനം ശ്രദ്ധേയമാണ്. അതിവേഗവും സുതാര്യവുമായ റവന്യൂ നടപടി ക്രമങ്ങളിലേക്ക് കടക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ റീസര്‍വേയിലൂടെ ചരിത്രത്തില്‍ ആദ്യമായി ഒന്നര വര്‍ഷത്തിനുള്ളില്‍ നാലരലക്ഷം ഹെക്ടറോളം ഭൂമി അളന്നു തിട്ടപ്പെടുത്തി.
600 ഓളം വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആയി. സമഗ്രവും ജനകീയവും ആധുനികവല്‍ക്കരിക്കപ്പെട്ടതുമായ റവന്യൂ സേവനങ്ങളിലേക്ക് കടക്കുന്ന കാലത്ത്  വില്ലേജുകള്‍ സ്മാര്‍ട്ട് ആകേണ്ടത് അനിവാര്യമാണ്. റവന്യു വകുപ്പില്‍ വിപ്ലവകരമായ മാറ്റമാണ് നടക്കുന്നത്. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ സ്മാര്‍ട്ട് വില്ലേജുകള്‍ക്ക് ആകുമെന്നും മന്ത്രി പറഞ്ഞു.

എഴുമറ്റൂരില്‍ സമഗ്രമ വികസനമാണ് നടക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. എഴുമറ്റൂര്‍ ഹൈസ്‌കൂളിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച്  ആധുനിക നിലവാരത്തില്‍ കെട്ടിടം നിര്‍മിച്ചു. എട്ടു കോടി രൂപ ചിലവില്‍ എഴുമറ്റൂര്‍ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. എഴുമറ്റൂരിലെ കുടിവെള്ളം പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനായി 87 കോടി രൂപ അനുവദിച്ചു.

റാന്നി നോളജ് വില്ലേജ് മിഷന്റെ ഭാഗമായി നാഷണല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മോണ്ടിസോറി ടീച്ചര്‍  തുടങ്ങിയവയില്‍ സൗജന്യ പഠനം ഒരുക്കും.

സംസ്ഥാന നിര്‍മിതി കേന്ദ്രം കോഴഞ്ചേരി റീജിയണല്‍ എഞ്ചിനീയര്‍ എ.കെ. ഗീതമ്മാള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 45 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിച്ചത്. റെക്കോഡ് റൂം, ഡൈനിങ്, വെയ്റ്റിംഗ്, മീറ്റിംഗ് മുറി, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്  തുടങ്ങിയവ ഇതിലുള്‍പെടുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എ ഡി എം ബി ജ്യോതി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന്‍ ജോസഫ്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ജേക്കബ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

date