ഗാര്‍ബേജ് ഫ്രീ സിറ്റി സ്റ്റാര്‍ റേറ്റിംഗ്; ഇരിട്ടി നഗരസഭയ്ക്ക് സ്റ്റാര്‍ പദവി
മാലിന്യ നിര്‍മാര്‍ജന പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന ഗാര്‍ബേജ് ഫ്രീ സിറ്റി സ്റ്റാര്‍ റേറ്റിംഗില്‍ വണ്‍ സ്റ്റാര്‍ പദവി നേടി ഇരിട്ടി നഗരസഭ. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന റേറ്റിംഗിലാണ് നഗരസഭയ്ക്ക് സ്റ്റാര്‍ പദവി ലഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി നടത്തുന്ന സ്വച്ഛ് സര്‍വേക്ഷന്‍ 2024 സര്‍വേയിലും ഇരിട്ടി നഗരസഭയ്ക്ക് മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ 1736-ാം റാങ്കിങ്ങില്‍ നിന്നാണ് ഈ വര്‍ഷം 250-ാം റാങ്കിലേക്ക് വന്‍കുതിച്ചുചാട്ടം നടത്തിയത്. ഒ ഡി എഫ് പ്ലസ് സര്‍ട്ടിഫിക്കറ്റും ഇത്തവണ നിലനിര്‍ത്തി. കൃത്യമായ ആസൂത്രണം, കൂട്ടായ പ്രവര്‍ത്തനങ്ങള്‍, മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍, ഐ.ഇ.സി. പ്രവര്‍ത്തനങ്ങള്‍, കപ്പാസിറ്റി ബില്‍ഡിംഗ്, ആവശ്യമായ അടിസ്ഥാന സൗകര്യവികസനം എന്നിവയാണ് നേട്ടത്തിനു പിന്നില്‍. പഴശ്ശി കുടിവെള്ള പദ്ധതി ജലസംഭരണ പ്രദേശം ഉള്‍ക്കൊള്ളുന്ന നഗരസഭയെന്ന നിലയില്‍ മാലിന്യസംസ്‌കരണത്തിന് വലിയ പ്രാധാന്യം നല്‍കിയാണ് വിവിധ പദ്ധതികള്‍ നഗരസഭ നടപ്പാക്കിയത്. മാലിന്യ നിര്‍മാര്‍ജന രംഗത്ത് നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു. അതോടൊപ്പമാണ് സ്വച്ഛ് സര്‍വേക്ഷനില്‍ മികച്ച റാങ്ക് നേട്ടവും നഗരസഭയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്.
സ്വച്ഛ് സര്‍വേക്ഷന്‍ 2024 സര്‍വേയില്‍ ദേശീയ റാങ്കിങ്ങില്‍ ജില്ലയിലെ മറ്റ് നഗരസഭകളും മികച്ച മുന്നേറ്റം കാഴ്ചവച്ചു. ആന്തൂര്‍ (222), കൂത്തുപറമ്പ് (225), പയ്യന്നൂര്‍ (247), കണ്ണൂര്‍ (479), പാനൂര്‍(572), തളിപ്പറമ്പ(634 ), ശ്രീകണ്ഠപുരം (736 ) തലശ്ശേരി (325), കണ്ണൂര്‍ കന്റോണ്‍മെന്റ് (1592) എന്നിങ്ങനെയാണ് റാങ്കിങ്ങുകള്‍.
- Log in to post comments