Skip to main content
..

തെരുവ്‌നായപ്രശ്‌നത്തിന് പരിഹാരം ബ്ലോക്ക് അടിസ്ഥാനത്തില്‍ പോര്‍ട്ടബിള്‍ എബിസി സെന്ററുകള്‍ വരുന്നു  

ജില്ലയിലെ തെരുവ്‌നായപ്രശ്‌നത്തിന് പരിഹാരമായി ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തില്‍ കര്‍മപദ്ധതി.  ജില്ലാ പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റികളുടേയും ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളുടെയും സംയുക്തനേതൃത്വത്തില്‍ പോര്‍ട്ടബിള്‍ എ.ബി.സി സെന്ററുകള്‍ സ്ഥാപിക്കുന്നതിന്   ജില്ലാ ആസൂത്രണസമിതിയോഗത്തില്‍ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് കുര്യോട്ട്മലയില്‍ നിര്‍മ്മിച്ച്‌വരുന്ന എബിസി സെന്റര്‍ കൂടാതെയാണ് പുതിയവ.
ഓപ്പറേഷന്‍ ടേബിള്‍, ഉപകരണങ്ങള്‍,  ശീതീകരണസൗകര്യം, ജനറേറ്റര്‍, റഫ്രിജറേറ്റര്‍, ഫ്രഷ്‌വാട്ടര്‍ ടാങ്ക്,  100 നായ്ക്കളെ പാര്‍പ്പിക്കാന്‍ ഉതകുന്ന കെന്നലും മേല്‍ക്കൂരയും ഉള്‍പ്പെടുന്നതാണ് ഒരു കേന്ദ്രം; ചിലവ്  25,00,000 രൂപ. വാഹനങ്ങളില്‍ സജ്ജമാക്കി ഒഴിഞ്ഞ പ്രദേശത്ത് സ്ഥാപിച്ച് 100 നായ്ക്കളെവരെ ശസ്ത്രക്രിയാനന്തരം പാര്‍പ്പിക്കാനാകും.  മാലിന്യപ്രശ്‌നം ഒഴിവാകുമെന്ന പ്രത്യേകതയുമുണ്ട്.   ഈ വര്‍ഷംതന്നെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും നടപ്പിലാക്കണമെന്ന് ഡിപിസി ചെയര്‍മാന്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.  പി. കെ. ഗോപന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 84 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കി.  മാലിന്യസംസ്‌ക്കരണ സംവിധാനങ്ങളുടെയും അതിദാരിദ്ര്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യപൂര്‍ത്തീകരണത്തിന് ആവശ്യമായ പ്രോജക്ടുകളും വിജ്ഞാനകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള പ്രോജക്ടുകളും വാര്‍ഷികപദ്ധതിയില്‍ ഏറ്റെടുത്തിട്ടുണ്ടെന്ന്   പ്രസിഡന്റ് അറിയിച്ചു. സര്‍ക്കാര്‍ പ്രതിനിധി എം. വിശ്വനാഥന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശഭരണസ്ഥാപന അധ്യക്ഷര്‍/സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date