Skip to main content

സഹകരണസംഘങ്ങള്‍ പ്രളയബാധിതര്‍ക്ക് 4000 വീടുകള്‍ നിര്‍മിച്ചു നല്‍കും:  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 

  സഹകരണ സംഘങ്ങള്‍ പ്രളയബാധിതര്‍ക്കായി സംസ്ഥാനത്ത് 4000 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോന്നി താലൂക്ക് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഭരണകൂടം കണ്ടെത്തുന്ന ഗുണഭോക്താക്കള്‍ക്കാണ് സഹകരണ സംഘങ്ങള്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുക. പദ്ധതിയുടെ ഭാഗമായി 200 കോടി രൂപ സമാഹരിച്ചു വരികയാണ്. ഇതിനോടകം 100 കോടി രൂപ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ തുക സമാഹരിക്കുന്നതിനായി സഹകാരികളുടെ ഒരു വര്‍ഷത്തെ ലാഭവിഹിതം നല്‍കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  ജില്ലയില്‍ സഹകരണ സംഘങ്ങള്‍ 114 വീടുകളാണ് നിര്‍മിക്കുന്നത്. ഇതിനായി വിവിധ സംഘങ്ങള്‍ക്ക് ചുമതല നല്‍കിക്കഴിഞ്ഞു. സംഘങ്ങളുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റികളാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുക. അഞ്ച് ലക്ഷം രൂപ ഓരോ വീടുകളുടെയും നിര്‍മാണത്തിനായി നല്‍കും. ഡിസംബര്‍ അഞ്ച് മുതല്‍ ആരംഭിച്ച് മാര്‍ച്ച് അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് നടന്നു വരുന്നത്. 

ആധുനികവത്കരണത്തിലൂടെ മാത്രമേ സഹകരണ മേഖലയ്ക്ക് ഈ കാലഘട്ടത്തില്‍ നിലനില്‍ക്കാന്‍ സാധിക്കൂ. യുവാക്കളില്‍ 12 ശതമാനം പേര്‍മാത്രമാണ് സഹകരണ ബാങ്കുകളില്‍ ഇടപാട് നടത്തുന്നത്. കൂടുതല്‍ സര്‍വീസ് ചാര്‍ജ് നല്‍കിയും ന്യൂജന്‍ ബാങ്കുകളെ യുവാക്കള്‍ ആശ്രയിക്കാനുള്ള കാരണം നാം പരിശോധിക്കേണ്ടതാണ്. ആധുനികമായ എല്ലാ സങ്കേതങ്ങളും ലഭ്യമായാല്‍ സഹകരണ മേഖലകളും കൂടുതല്‍ ജനകീയമാകുമെന്നും മന്ത്രി പറഞ്ഞു. 

കടുത്ത പ്രതിസന്ധികള്‍ അതിജീവിച്ചാണ് സഹകരണ മേഖല വിജയപ്രദമായി പ്രവര്‍ത്തിച്ചു പോരുന്നത്. നോട്ട് നിരോധനം പോലുള്ള പരീക്ഷണഘട്ടങ്ങള്‍ പോലും അതിജീവിക്കാന്‍ സാധിച്ചത് സഹകാരികളുടെ ആത്മാര്‍ഥമായ സഹകരണം ഒന്നുകൊണ്ട് മാത്രമാണ്. സഹകരണ ബാങ്കുകളില്‍ കള്ളപ്പണമാണ് ഉള്ളതെന്ന പ്രചരണങ്ങള്‍ വരെ നടന്നു. ഈ സന്ദര്‍ഭത്തിലാണ് ആധുനിക വത്കരണത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കേരള ബാങ്ക് യാഥാര്‍ഥ്യമാകുന്നത്. പദ്ധതിയുടെ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. മുടങ്ങിക്കിടന്ന ക്ഷേമ പെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ വീടുകളില്‍ എത്തിക്കാന്‍ സാധിച്ചത് നേട്ടമാണെന്നും മന്ത്രി പറഞ്ഞു. 

അടൂര്‍ പ്രകാശ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ, ജില്ലാ പഞ്ചായത്ത് അംഗം ബിനി ലാല്‍, വള്ളിക്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  പി ജെ അജയകുമാര്‍, എസ് സി എസ് ടി അസി. രജിസ്ട്രാര്‍ എസ് നസീര്‍, ബ്ലോക്ക് പഞ്ചായത്തംഗം റോജി എബ്രഹാം, ഗ്രാമപഞ്ചായത്തംഗം ബിനാ ജി നായര്‍, സഹകരണ സംഘം പ്രസിഡന്റുമാരായ എസ് വി പ്രസന്നകുമാര്‍, ജെറി ഈശോ ഉമ്മന്‍, റോബിന്‍ പീറ്റര്‍, കോന്നിയൂര്‍ വിജയകുമാര്‍, വി മുരളീധരന്‍, ബിജു മര്‍ക്കോസ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ജി അനിരുദ്ധന്‍, ജോയിന്റ് രജിസ് ട്രാര്‍ പി ജെ അബ് ദുല്‍ ഗഫാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.                  (പിഎന്‍പി 3780/18)

date