Skip to main content
..

പരാതിപരിഹാരം സമയബന്ധിതമാകണം- നിയമസഭാസമിതി

കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും ക്ഷേമം ഉറപ്പാക്കാന്‍ സമയബന്ധിത പരാതിപരിഹാരം സുപ്രധാനമെന്ന് നിയമസഭാസമിതി ചെയര്‍പേഴ്‌സണ്‍ യു.പ്രതിഭ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് യോഗത്തിന്‌ശേഷം നടത്തിയ വിശദീകരണത്തിലാണ് വ്യക്തമാക്കിയത്. തദ്ദേശസ്ഥാപനതലത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ അവിടെതന്നെ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണം. കോടതികളിലേക്ക് വ്യവഹാരങ്ങളിലേക്ക് നീങ്ങുന്ന പ്രവണത അവസാനിപ്പിക്കണം.  
സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ നയംരൂപീകരിച്ചതില്‍ സമിതിക്ക് മുഖ്യപങ്ക് വഹിക്കാനായി. ഭിന്നശേഷിസൗഹൃദപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കും. എല്ലാ സേവനങ്ങളും വീട്ടുപടിക്കല്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ക്കായും മുന്‍കൈയെടുക്കും.  കുട്ടികളിലെ ലഹരി - അമിത ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കുന്നതിന് പഠനം നടത്തി പരിഹാരനിര്‍ദേശങ്ങള്‍ കണ്ടെത്തും. സ്ത്രീധനത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശനനടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടു.
ഭിന്നശേഷി ആനുകൂല്യങ്ങള്‍, നിയമനം, സ്വയംതൊഴില്‍ നടത്തുന്നതിന് അടിസ്ഥാനസൗകര്യമൊരുക്കല്‍, വായ്പാതട്ടിപ്പ് തുടങ്ങിയ വിഷയങ്ങളിലാണ് പരാതികളെത്തിയത്. ഏഴ് എണ്ണത്തില്‍ തെളിവെടുപ്പ് നടത്തി. അഞ്ച് പുതിയ പരാതികള്‍ സ്വീകരിച്ചു; മൂന്നെണ്ണത്തില്‍ നേരിട്ട്ഇടപെടാന്‍ തീരുമാനിച്ചു. കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി അംഗങ്ങളായ ഒ.എസ് അംബിക, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി.നിര്‍മല്‍കുമാര്‍, സിറ്റി പൊലീസ് കമ്മീണര്‍ കിരണ്‍ നാരായണന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തെളിവെടുപ്പിന്‌ശേഷം നിയമസഭാസമിതി ചെയര്‍പേഴ്‌സണും അംഗങ്ങളും ജില്ലയിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ബീച്ച് റോഡിലുള്ള ചില്‍ഡ്രന്‍സ് ഹോം, അഞ്ചാലുംമൂട് സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ അഡോളസെന്റ് ഗേള്‍സ് എന്നിവിടങ്ങളാണ് സന്ദര്‍ശിച്ചത്. പ്രവര്‍ത്തനരീതികളും സേവനങ്ങളും പരിശോധിച്ച സമിതി പരാതികളില്‍ കൃത്യമായ ഇടപെടല്‍ നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കി. വനിതാ-ശിശുവികസനം, സാമൂഹ്യനീതി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

 
 

date