വോട്ടര്‍പട്ടിക പുതുക്കല്‍ ബി.എല്‍.ഒ.മാരുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
വോട്ടര്‍ രജിസ്ട്രേഷന്‍ ഫോമുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ചേര്‍ക്കുന്ന പ്രവര്‍ത്തികള്‍ ബി.എല്‍.ഒ.മാര്‍ ത്വരിതപ്പെടുത്തണമെന്ന് നിര്‍ദേശം. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനായ മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ വോട്ടര്‍പട്ടിക പുതുക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി.
വോട്ടര്‍ രജിസ്ട്രേഷന്‍ ഫോമുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ബി.എല്‍.ഒ സൂപ്പര്‍വൈസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണം. പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തണം. ഒരു നിയോജകമണ്ഡലത്തില്‍ പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുമ്പോള്‍ അവരുടെ വിവരങ്ങള്‍ മുന്‍പ് ഭാഗമായ മണ്ഡലത്തിലെ പട്ടികയില്‍ നിന്ന് നീക്കംചെയ്‌തെന്ന് ഉറപ്പാക്കണം. ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്ക്‌വേണ്ടി അടുത്തുള്ള കെട്ടിടത്തില്‍ പോളിങ്‌സ്റ്റേഷനുകള്‍ ക്രമീകരിക്കാം. കോളജുകളില്‍ തിരഞ്ഞെടുപ്പ് സാക്ഷരത ക്ലബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും നിര്‍ദേശിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച വെയര്‍ ഹൗസും സന്ദര്‍ശിച്ചു.
ജില്ല കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, അഡീഷണല്‍ സി.ഇ.ഒ - അഡീഷണല്‍ സെക്രട്ടറി സി.ശര്‍മിള, സബ് കലക്ടര്‍ നിഷാന്ത് സിഹാര, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി.ജയശ്രീ, തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments