വരുമാന സ്രോതസുകള്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്താനാകണം-ഡോ. കെ. എന്‍. ഹരിലാല്‍
തദ്ദേശഭരണ സ്ഥാപനങ്ങള്‍ വരുമാനസ്രോതസുകള്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് സംസ്ഥാന കമ്മീഷന് ചെയര്മാന് ഡോ. കെ.എന്‍. ഹരിലാല്‍. ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി യോഗത്തിലാണ് നിര്‍ദേശം.
ധനവിന്യാസം, ഫണ്ട് വിനിയോഗം സംബന്ധിച്ച് ഏഴാം ധനകാര്യകമ്മിഷന് ക്രിയാത്മകനിര്‍ദ്ദേശങ്ങള്‍ ജനപ്രതിനിധികളും ജില്ലാ ആസൂത്രണസമിതിയംഗങ്ങളും മുന്നോട്ടുവച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കുന്നതിനും തനത്വരുമാനം വര്‍ധിപ്പിച്ച് സാമ്പത്തിക ശാക്തീകരണത്തിനുമുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കമ്മിഷന് വിലയിരുത്തി.
പദ്ധതിരൂപീകരണവും നിര്‍വഹണവും, ഇ-ഗവേണന്‍സ് മെച്ചപ്പെടുത്തുന്നതിനുള്ള വിവരങ്ങളും സമാഹരിച്ചു. ജനറല്പര്പസ് ഫണ്ട്, നവീകരണ ഫണ്ട്, റോഡ് നവീകരണ ഫണ്ട്, റോഡ് ഇതര സംരക്ഷണ ഫണ്ട്, വികസന ഫണ്ട്, പട്ടികജാതി-പട്ടികവര്‍ഗ ഉപപദ്ധതി ഫണ്ടുകള്‍ തുടങ്ങിയവ സംബന്ധിച്ച അഭിപ്രായങ്ങള്‍, മാനദണ്ഡങ്ങളില്‍ വരുത്തേണ്ടമാറ്റങ്ങള്‍ തുടങ്ങിയവ ചര്‍ച്ചചെയ്തു.
കേന്ദ്ര ധനകാര്യ കമ്മീഷന് ഗ്രാന്റുകളുടെ വിന്യാസം, വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടപ്പാക്കുന്ന/നടപ്പാക്കാന്‍ കഴിയുന്ന സംയോജിതപദ്ധതികള്, നഗരവത്കരണവെല്ലുവിളികള്, പൊതു-സ്വകാര്യ പങ്കാളിത്തം, വൃദ്ധരുടെയും കിടപ്പുരോഗികളുടെയും പരിചരണം, തനതുവരുമാനം - ജനകീയാസൂത്രണം മെച്ചപ്പെടുത്തല്‍, ഭരണപരമായ മികവും സേവനവും, നിയമങ്ങള്‍/ചട്ടങ്ങളിലെ ഭേദഗതികള്‍, ഉദ്യോഗസ്ഥ വിന്യാസത്തിലെ മാറ്റങ്ങള്‍, അതിഥിതൊഴിലാളികളുടെ ക്ഷേമം, ഓഡിറ്റ് സംവിധാനം തുടങ്ങിയവയും വിശദമാക്കി.
ധനവിന്യാസം, വിനിയോഗവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ കാലാനുസൃതമായി മാറ്റങ്ങള്‍ നടപ്പാക്കേണ്ടത് അനിവാര്യമാണ്. തദ്ദേശസ്ഥാപനങ്ങളിലെ നികുതി പിരിവ് കൂടുതല്‍ ഊര്‍ജിതമാക്കണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും സര്‍ക്കാരിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കുക - ചെയര്മാന് വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന് അധ്യക്ഷനായി. ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി നിര്‍മല്‍കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ്് ഡയറക്ടര്‍ എസ്. സുബോധ് സംയുക്ത നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ധനകാര്യ കമ്മീഷന് ജോയിന്റ് സെക്രട്ടറി എം പ്രശാന്ത്, ഡി.പി.സി സര്‍ക്കാര്‍ നോമിനി എം വിശ്വനാഥന്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് എം.ആര് ജയഗീത തുടങ്ങിയവര്‍ സംസാരിച്ചു.
കൊട്ടാരക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. ഉണ്ണികൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജയദേവി മോഹന്‍, ലതികാ വിദ്യാധരന്, സന്തോഷ് തുപ്പാശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ. രാജശേഖരന്, ബിനു മംഗലത്ത്, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ വസന്ത രമേഷ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഡോ. ഷാജി, രമേശ്, കില ഫെസിലിറ്റേറ്റര്‍ പി അനില്‍കുമാര്‍ തുടങ്ങിയവരും പ്രൊപോസലുകള് നല്കി.
യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ എസ് ജയന്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ആസൂത്രണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2336/2025)
- Log in to post comments