നൈപുണ്യ പരിശീലനത്തിലൂടെ പിന്നാക്ക വിഭാഗത്തിലെ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരും : മന്ത്രി ഒ.ആർ കേളു
നൈപുണ്യ പരിശീലന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
നൈപുണ്യ പരിശീലന പരിപാടിയിലൂടെ പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. പട്ടികജാതി വികസന വകുപ്പ് 'ബി.ഡബ്ല്യൂ.എഫ്.എസ്' (ബേർഡ് വേൾഡ് വൈഡ് ഫ്ലൈറ്റ് സർവീസ്) എന്ന സ്ഥാപനം മുഖേന നടത്തുന്ന എയർലൈൻ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് നൈപുണ്യ വികസന പരിശീലനം പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വലിയ ലക്ഷ്യബോധത്തോടെയാണ് നൈപുണ്യ പരിശീലന പരിപാടി അടക്കമുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്. പിന്നാക്ക വിഭാഗത്തിന്റെ എല്ലാ തരത്തിലുമുള്ള ഉന്നമനത്തോടൊപ്പം ഇത്തരം പദ്ധതികളിലൂടെ എല്ലാവർക്കും ജോലിയും മികച്ച ഭാവിയും ഉറപ്പാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം.
കഴിഞ്ഞ ഒരു വർഷ കാലയളവിൽ 50,000 ൽ അധികം കുട്ടികൾക്ക് നൈപുണ്യ പരിശീലനം നൽകി ജോലി ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. പിന്നാക്ക വികസന വകുപ്പിന് കീഴിൽ 1000 ത്തിൽ അധികം കുട്ടികൾക്ക് വിദേശ യൂണിവേഴ്സിറ്റികളിൽ പഠനം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സിയാൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എട്ട് ബാച്ചുകളിലായി പഠനം പൂർത്തിയാക്കിയ 115 വിദ്യാർഥികൾക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. ഈ പദ്ധതിയിലൂടെ പഠനം പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ജോലിയും ഉറപ്പാക്കി കഴിഞ്ഞു.
ചടങ്ങിൽ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ അധ്യക്ഷയായി . എയർപോർട്ട് ഡയറക്ടർ ജി. മനു മുഖ്യ പ്രഭാഷണം നടത്തി. പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ വി. സജീവ്, ബേർഡ് വേൾഡ് വൈഡ് ഫ്ലൈറ്റ് സർവീസ് ജനറൽ മാനേജർ ദുഷ്യന്ത് കൗശൽ, ജില്ലാ പട്ടിക ജാതി വികസന ഓഫീസർ ലിസ ജെ മങ്ങാട്ട്, പട്ടികജാതി വികസന വകുപ്പ് ചീഫ് പ്ലാനിംഗ് ഓഫീസർ എം. ഹുസൈൻ, ബേർഡ് വേൾഡ് വൈഡ് ഫ്ലൈറ്റ് സർവീസ് എച്ച്.ആർ മാനേജർ ഗീതു ഗോപാലകൃഷ്ണൻ, മറ്റ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments