Skip to main content

ഫോക്കസ് - കേരള സംഗീത നാടക അക്കാദമിയിൽ ലൈറ്റിങ്ങ് പഠിക്കാം

സ്റ്റേജ് ലൈറ്റിങ്ങിന്റെ വിശാലമായ പ്രൊഫഷണല്‍ സങ്കേതങ്ങളിലേക്ക് ഇറങ്ങി,നൂതനമായ ലൈറ്റ് ഡിസൈൻ സാങ്കേതിക വിദ്യ പഠിക്കാന്‍ കേരള സംഗീത നാടക അക്കാദമി അവസരം ഒരുക്കുന്നു. 

 

അക്കാദമി ഒക്ടോബര്‍ 18 മുതല്‍ 24 വരെ സംഘടിപ്പിക്കുന്ന ഫോക്കസ് ദേശീയ ലൈറ്റിങ്ങ് വര്‍ക്ക്‌ഷോപ്പാണ് ഇതിന് വഴി തുറക്കുന്നത് . നാടകം, ഫോക്ക്, ക്ലാസിക്കല്‍ രംഗകലകള്‍, നൃത്തം,സംഗീത പരിപാടികള്‍, ഫാഷന്‍ ഷോ, ചലച്ചിത്രം, തുടങ്ങിയ ഡിസൈന്‍, രംഗകലാവിഭാഗങ്ങളിലെയും പ്രദര്‍ശനങ്ങളിലെയും ലൈറ്റ് ഡിസൈൻ സങ്കേതങ്ങളെ കുറിച്ചുള്ള സമഗ്ര പഠനം സാധ്യമാക്കുന്നതാണ് വര്‍ക്ക്‌ഷോപ്പ്. തിയേറ്റര്‍ ലൈറ്റിങ് രംഗത്ത് അരനൂറ്റാണ്ടിലേറെ കാലമായി പ്രവർത്തിക്കുന്ന പ്രശസ്ത നാടക സംവിധായകനും ലൈറ്റ് ഡിസൈനറുമായ ഗോപിനാഥ് കോഴിക്കോടാണ് ശില്പശാല ഡയറക്ടര്‍. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ലൈറ്റിംഗ് വിഭാഗത്തിൽ അദ്ധ്യാപകരും ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി വർക്ക്ഷോപ്പുകൾക്ക് നേതൃത്വം വഹിച്ചവരുമായ പ്രശസ്തരായ ലൈറ്റ് ഡിസൈനേഴ്സ് സൗത്തി ചക്രവര്‍ത്തി, ദൗലത്ത് വെയിദ്, ആയിരക്കണ വേദികളിൽ ലൈറ്റിംഗ് നിർവ്വഹിച്ച പ്രശസ്ത ലൈറ്റ് ഡിസൈനർ സായ് വെങ്കിടേശ്, ശ്രീകാന്ത് കാമിയോ,ജോസ് കോശി ഇന്‍വിസിബിള്‍ എന്നിവര്‍ ശില്പശാലയില്‍ ക്ലാസ്സെടുക്കും.നാടകരംഗത്തെ അന്താരാഷ്ട്ര പ്രശസ്തനും സ്കൂൾ ഓഫ് ഡ്രാമ ഡയരക്ടറുമായ ഡോ.അഭിലാഷ് പിള്ളയും ശില്പശാലയിൽ ക്ലാസ്സെടുക്കും. 20 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് വര്‍ക്ക്‌ഷോപ്പിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്ക് ഈ മേഖലയില്‍ പ്രവൃത്തിപരിചയം അഭികാമ്യം . ലൈറ്റിംഗ് രംഗത്ത് ദീർഘ പരിചയം ഇല്ലാത്തവരാണെങ്കിലും സാങ്കേതിക വിദ്യാഭ്യാസം നേടിയ യുവാക്കൾക്ക് പ്രത്യേക പരിഗണ നൽകും. വര്‍ക്ക്‌ഷോപ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ രജിസ്‌ട്രെഷന്‍ ഫീസായി 7000 രൂപ അക്കാദമിയില്‍ അടക്കണം. തൃശൂരിലെ അക്കാദമി ബ്ലാക്ക്ബോക്സിലും തിയേറ്ററിലും ആണ് വര്‍ക്ക്‌ഷോപ്പ് നടത്തുന്നത്. അക്കാദമി ഒരുക്കുന്ന അത്യപൂർവ്വമായ ഈ പരിശീലന കളരിയിൽ ഭക്ഷണം,താമസം എന്നിവയും അക്കാദമി തന്നെ നല്‍കും. താല്‍പര്യമുള്ളവര്‍ അക്കാദമി വെബ്‌സൈറ്റായ https://keralasangeethanatakaakademi.in ല്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോറം ഓണ്‍ലൈനായി പൂരിപ്പിച്ചോ അല്ലെങ്കില്‍ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഓഫ്‌ലൈനായി പൂരിപ്പിച്ചോ കേരള സംഗീത നാടക അക്കാദമി,ചെമ്പൂക്കാവ്,തൃശ്ശൂര്‍-20 എന്ന വിലാസത്തിൽ സമർപ്പിക്കണം.

date