വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍; സമഗ്ര പദ്ധതി തയ്യാറാക്കും
വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിസ്ഥാന വിവരങ്ങള്‍ ക്രോഡീകരിച്ച് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ്.എസ്.എയുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ചാവും പദ്ധതി തയ്യാറാക്കുക. ഇത് അടുത്ത മാസം അവസാനവാരം ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ജനപ്രതിനിധികളുടെ കൂടി സാന്നിധ്യത്തില്‍ പരിശോധിച്ച് അന്തിമ രൂപരേഖയുണ്ടാക്കും. ജില്ലയില്‍ അഞ്ച് സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടപടികള്‍ നടന്നുവരികയാണ്. ഇവിടങ്ങളില്‍ നിലവിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. വിദ്യാഭ്യാസ പുരോഗതിക്ക് ദീര്‍ഘകാല പദ്ധതികളാണ് നടപ്പാക്കേണ്ടത്. ഇതിനു ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനമുണ്ടാവണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ പ്രഭാകരന്‍, എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ജി എന്‍ ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ട്രസ്റ്റി നിയമനം
ബത്തേരി താലൂക്കിലെ ശ്രീ ചാമപ്പാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തോട് ചേര്‍ന്ന പ്രത്യേക ദാനസ്വത്തിന്റെ പാരമ്പര്യേതര ട്രസ്റ്റിയെ നിയമിക്കുന്നതിന് ഹിന്ദുമതം ആചരിക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഡിസംബര്‍ 20 നകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ലഭിക്കണം.
- Log in to post comments