മല്ലപ്പുഴശ്ശേരിയില്‍ പുതിയ ആയുര്‍വേദ ആശുപത്രി ഉടന്‍ : മന്ത്രി വീണാ ജോര്‍ജ്
മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് മന്ത്രി ഉദ്ഘാടനം ചെയ്തു
മല്ലപ്പുഴശ്ശേരിയില്‍ പുതിയ ആയുര്‍വേദ ആശുപത്രി ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് .ഗ്രാമപഞ്ചായത്ത് വികസന സദസിന്റെ ഉദ്ഘാടനം പുന്നയ്ക്കാട് വയല്‍വാരം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 15 കോടി രൂപ ചെലവിൽ മല്ലപ്പുഴശ്ശേരിയില്‍ നിര്‍മിക്കുന്ന ആശുപത്രിക്ക് ജലസേചന വകുപ്പിന്റെ സ്ഥലം ലഭ്യമാക്കി ഡിപിആര്‍ പൂര്‍ത്തിയാക്കി.
ജില്ലയിലെ എല്ലാ ആശുപത്രികളിലും പുതിയ കാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമായി. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കിഫ്ബിയിലൂടെ 30 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിച്ചു. 46 കോടി രൂപ ചിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രണ്ട് ബ്ലോക്കുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. തിരുവല്ല , അടൂര്‍ ,കോന്നി, മല്ലപ്പള്ളി, റാന്നി എന്നിവിടങ്ങളിലും ആശുപത്രി നിർമ്മാണം പുരോഗമിക്കുന്നു. . മല്ലപ്പുഴശ്ശേരി നെല്ലിക്കാല സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 75 ലക്ഷം എംഎല്‍എ ഫണ്ട് അനുവദിച്ചു.
ആതുര ശുശ്രൂഷ ആവശ്യമുള്ളവർക്ക് കുടുംബശ്രീ പ്രവർത്തകർ വീട്ടിലെത്തി കുറഞ്ഞ ചെലവിൽ സേവനം നൽകുന്ന പദ്ധതിക്കും തദ്ദേശ വകുപ്പുമായി ചേർന്ന് തുടക്കമാകുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇവർക്ക് പരിശീലനം നൽകും.
സുസ്ഥിര വികസനത്തിനത്തിലൂടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
സംസ്ഥാനസര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനുമായാണ് വികസന സദസ്സ് സംഘടിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഓമല്ലൂര്‍ ശങ്കരന് മുഖ്യപ്രഭാഷണം നടത്തി.
റിസോഴ്സ് പേഴ്സണ്‍ രേണു വികസന സദസിന്റെ ലക്ഷ്യം വിശദീകരിച്ചു. തുടര്‍ന്ന് വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ നേട്ടം സംബന്ധിച്ച് വീഡിയോ പ്രദര്‍ശിപ്പിച്ചു. പഞ്ചായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും സംബന്ധിച്ച് സെക്രട്ടറി ആര് സുമാഭായി അമ്മ അവതരണം നടത്തി. ഭാവി വികസനത്തെ കുറിച്ച് ചര്‍ച്ചയും നടന്നു. 300 ലധികം പേര് പങ്കെടുത്തു.
പഞ്ചായത്തിലെ എല്ലാ റോഡുകളും വികസിച്ചതായി പ്രോഗ്രസ്സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 2.1 കോടി രൂപ ചെലവിൽ 32 റോഡുകള്‍ നവീകരിച്ചു. പശ്ചാത്തല മേഖലയില്‍ നാല് കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി 107 ഗുണഭോക്താക്കള്‍ക്ക് ലൈഫില്‍ വീട് നല്കി. 93 ഭവനങ്ങള്‍ പൂര്‍ത്തീകരിച്ചു. 14 ഭവനങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ച് രാത്രി യാത്ര സുഗമമാക്കി. ഇ-ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കി, പഞ്ചായത്ത് ഓഫീസിന് ഐഎസ്ഒ സര്ട്ടിഫിക്കേഷന് ലഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ചടങ്ങില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഹരിത കര്‍മ സേനാംഗങ്ങളെയും പാലിയേറ്റീവ് കെയര്‍ നഴ്സിനേയും അനുമോദിച്ചു. അങ്കണവാടി, പിഎച്ച്സി സബ് സെന്റര്‍, ഐസിഡിപി സബ് സെന്റര്‍, കുടിവെള്ള പദ്ധതി എന്നിവയ്ക്കായി സൗജന്യമായി സ്ഥലം നല്കിയ വ്യക്തികളേയും ആദരിച്ചു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല വാസു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അശ്വതി പി നായര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി പ്രദീപ്കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി പുഷ്പ കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments