ക്ഷീര വികസന രംഗത്ത് കേരളം പുരോഗതിയുടെ പാതയിൽ – മന്ത്രി ജെ. ചിഞ്ചു റാണി
*പിറവം നഗരസഭ മുളക്കുളം നോർത്ത് വെറ്ററിനറി ഡിസ്പെൻസറി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു
കേരളത്തിന്റെ ക്ഷീര വികസന രംഗം വലിയ പുരോഗതിയാണ് കൈവരിക്കുന്നതെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.
പിറവം നഗരസഭ മുളക്കുളം നോർത്ത് വെറ്റിനറി ഡിസ്പെൻസറി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷീര ഉത്പാദനത്തിൽ കേരളം പഞ്ചാബിന് പിന്നാലെ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. പഞ്ചാബ് ശരാശരി 14.67 ലിറ്റർ പാൽ ഉത്പാദിപ്പിക്കുമ്പോൾ, കേരളത്തിൽ 10.79 ലിറ്റർ വരെയായി ഉയർന്നു കഴിഞ്ഞു. സംസ്ഥാനത്ത് 95 ശതമാനവും സങ്കരയിനം പശുക്കളായതിനാലാണ് ഉത്പാദനക്ഷമതയിൽ ഈ വളർച്ച സാധ്യമായതെന്നും മന്ത്രി പറഞ്ഞു.
പാലിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കാനും, നിലവിലുള്ള പശുക്കളുടെ പ്രജനന ശേഷി കൂട്ടാനും തീറ്റയുടെ ഗുണമേന്മ മെച്ചപ്പെടുത്താനുമുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. സന്തുലിത തീറ്റയും ശരിയായ പരിചരണവും നൽകി ഉത്പാദനം ഇരട്ടിയാക്കാൻ കഴിയുമെന്ന് വ്യക്തിപരമായ അനുഭവം പങ്കുവെച്ച് മന്ത്രി വ്യക്തമാക്കി.
മൃഗസംരക്ഷണ രംഗത്ത് വിഷൻ 2031 പദ്ധതിയുടെ ഭാഗമായി ക്ഷീരവികസന മേഖലയിൽ ആധുനികമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പശുക്കളുടെ രോഗചികിത്സാ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ മുഖേന ഡോക്ടർമാരുടെ സേവനം വീട്ടുമുറ്റത്തേക്ക് എത്തിക്കുന്ന പദ്ധതിയും ആരംഭിക്കാൻ സാധിച്ചത് വലിയൊരു നേട്ടമാണ്. ജില്ലാതലത്തിൽ സർജറി യൂണിറ്റുകളും ആംബുലൻസ് സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
മൃഗാശുപത്രികളിലെ സേവനങ്ങളെയും തീറ്റ ഉത്പാദനത്തെയും നിയന്ത്രിക്കാൻ പുതിയ നിയമങ്ങളും ചട്ടങ്ങളും സംസ്ഥാനത്ത് നിലവിൽ വന്നിട്ടുണ്ടെന്നും, നിലവിലുള്ള തീറ്റ ഉത് പാദന കമ്പനികൾ ഗുണനിലവാരത്തിൽ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പക്ഷിപ്പനിയും പന്നിപ്പനിയും മൂലം നഷ്ടം നേരിട്ട കർഷകർക്ക് സർക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തര ധനസഹായം നൽകിവരുകയാണെന്നും, ഇതിനായി സംസ്ഥാന ഫണ്ടിൽ നിന്നു പ്രത്യേകമായി തുക മാറ്റി വെച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ ഫണ്ട് 27 ലക്ഷം രൂപ ചെലവഴിച്ചാണ് പിറവം നഗരസഭ മുളക്കുളം മേഖലയിൽ വെറ്ററിനറി ഡിസ്പെൻസറി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ചടങ്ങിൽ ആഫ്രിക്കൻ പന്നിപ്പനിയെ തുടർന്നുള്ള നഷ്ടപരിഹാരമായി 609500 രൂപയുടെ ചെക്ക് കൊടുങ്ങുക്കാരൻ പന്നി ഫാം ഉടമസ്ഥ ലിജി ആൻ്റുവിന് മന്ത്രി കൈമാറി.
സംസ്ഥാന സർക്കാരിൻ്റെ മികച്ച യുവ കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ മോനു വർഗീസ് മാമനെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജി സജി കുമാർ പദ്ധതി വിശദീകരണം നടത്തി.
അഡ്വ. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ പിറവം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, വൈസ് ചെയർപേഴ്സൺ കെ.പി സലിം, നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈനി ഏലിയാസ്,നഗരസഭ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബിമൽ ചന്ദ്രൻ,നഗരസഭ വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി അധ്യക്ഷ വത്സല വർഗീസ്, നഗരസഭ വാർഡ് കൗൺസിലർമാർ, പിറവം നഗരസഭാ സെക്രട്ടറി വി. പ്രകാശ് കുമാർ, പിറവം സീനിയർ വെറ്ററിനറി സർജൻ ഡോ. രജിത പിള്ളൈ, മുളക്കുളം നോർത്ത് വെറ്ററിനറി സർജൻ ഡോ. അനീഷ മുഹമ്മദ്, പിറവം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. കെ. പ്രകാശ്, പാലച്ചുവട് ക്ഷീരസംഘം പ്രസിഡന്റ് അഡ്വ.കെ എൻ ചന്ദ്രശേഖരൻ, ക്ഷീരകർഷകർ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.
സെമിനാറിൽ പങ്കെടുത്തവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേർക്ക് ഒരു ചാക്ക് കാലിത്തീറ്റയും വൈറ്റമിൻ സപ്ലിമെന്റും ചടങ്ങിൽ സൗജന്യമായി നൽകി.
- Log in to post comments