നഗരവികസനം അവതരിപ്പിച്ച് കോര്‍പ്പറേഷന്റെ വികസന സദസ്സ്
നഗരത്തില്‍ നടപ്പാക്കിയ വികസനനേട്ടങ്ങള്‍ അവതരിപ്പിച്ച് കൊല്ലം കോര്‍പറേഷന്റെ വികസനസദസ്. വികസനരേഖ പ്രകാശനം മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. സമാനതകളിലാത്ത പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷങ്ങളായി നടത്തുന്നതെന്ന് സി. കേശവന് സ്മാരക ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സദസില്‍ മന്ത്രി പറഞ്ഞു. 2031ല്‍ കേരളം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് ജനാഭിപ്രായവും നിര്‍ദേശങ്ങളും തേടുകയാണ് ഇപ്പോള്‍. നാളിതുവരെ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളും ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
സദസ് ഉദ്ഘാടനം എം.മുകേഷ് എം.എല്‍.എ നിര്‍വഹിച്ചു. മേയര്‍ ഹണി അധ്യക്ഷയായി. കോര്‍പറേഷനെ അതിദാരിദ്ര്യ വിമുക്തമായും പ്രഖ്യാപിച്ചു. സെക്രട്ടറി എസ് എസ് സജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശവും പൊതുജനസമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ വികസന നേട്ടങ്ങളുടെ വീഡിയോയും പ്രദര്‍ശിപ്പിച്ചു.
ലൈഫ് ഭവന പദ്ധതിയിലെ 6569 ഗുണഭോക്താക്കളില്‍ 5049 പേരുടെ ഭവനനിര്‍മാണം പൂര്‍ത്തിയാക്കി. 1047 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. 1029 ഭൂരഹിതര്‍ക്ക് ഭൂമി നല്കി. അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി 656 കുടുംബങ്ങളെ കണ്ടെത്തി രണ്ടു പേര്‍ക്ക് ഭവനം, 181 പേര്‍ക്ക് മൂന്ന് നേരവും പാകംചെയ്ത ഭക്ഷണം, 140 കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റ്, 45 കുടുംബങ്ങള്‍ക്ക് വീട്ടുവാടക, 28 കുടുംബങ്ങള്‍ക്ക് വീട് മെയിന്റനന്‍സ് തുക ഉള്‍പ്പെടെ 2,25,97,187 രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്തു.
സ്കോളര്‍ഷിപ്പ്, സഹായഉപകരണങ്ങള്‍, പോഷകാഹാരം, ട്രൈ സ്കൂട്ടറുകള്, ബഡ്സ് സ്കൂള്‍ ഉള്‍പ്പെടെ ഭിന്നശേഷി വിഭാഗത്തിലെ 4175 ഗുണഭോക്താക്കള്‍ക്കായി 2.95 കോടി രൂപ ചെലവഴിച്ചു. പട്ടികജാതി ക്ഷേമത്തിനായി 803 പേര്‍ക്ക് ലൈഫ് വഴി ഭവനം, 1500 പേര്‍ക്ക് സ്കോളര്‍ഷിപ്പ്, 185 വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്, 1018 പേര്‍ക്ക് ഭവന പുനരുദ്ധാരണത്തിന് തുക എന്നിങ്ങനെ 57.80 കോടി രൂപ വിനിയോഗിച്ചു. കുരീപ്പുഴ ചണ്ടിഡിപ്പോയിലെ ഒരു ലക്ഷം ക്യൂബിക് മീറ്റര്‍ മാലിന്യം 12 കോടി രൂപ ചെലവില്‍ ബയോമൈനിംഗിലൂടെ നീക്കി. പ്രതിദിനം 30 ടണ്‍ അജൈവമാലിന്യം തരം തിരിച്ച് സംസ്കരിക്കാന്‍ ഡി.ബി.ഒ.ടി വ്യവസ്ഥയിലുള്ള ആര്.ആര്.എഫ് കുരീപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കുരീപ്പുഴയിലെ ഏഴര ഏക്കര്‍ സ്ഥലത്ത് ബി.പി.സി.എല്ലുമായി ചേര്‍ന്ന് 120 ടണ്‍ ശേഷിയുള്ള ബയോ സി.എന്‍.ജി പ്ലാന്റ് സ്ഥാപിക്കാനുള്ള കരാര്‍ ആയിട്ടുണ്ട്. കക്കൂസ്മാലിന്യസംസ്ക്കരണത്തിനുള്ള 12 എം.എല്‍.ഡി ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, കോര്പ്പറേഷന് പരിധിയില്‍ ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള 100 എം.എല്‍.ഡി ശേഷിയുള്ള വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും വ്യക്തമാക്കി.
ഡെപ്യൂട്ടി മേയര്‍ എസ് ജയന്, എ.ഡി.എം ജി. നിര്‍മല്‍കുമാര്‍, കോര്പ്പറേഷന് സ്ഥിരംസമിതി അധ്യക്ഷരായ എസ്.ഗീതാകുമാരി, എം.സജീവ്, സജീവ് സോമന്, സുജാ കൃഷ്ണന്, എ.കെ സവാദ്, സവിതാ ദേവി, മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments