അരിപ്പ ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരമായി; ഉടൻ പട്ടയം ലഭ്യമാക്കും - മന്ത്രി കെ രാജൻ അറയ്ക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
അരിപ്പ ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയെന്നും ജനങ്ങൾക്ക് ഉടൻ പട്ടയം ലഭ്യമാക്കുമെന്നും റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ. അറയ്ക്കൽ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഡിജിറ്റൽ റീ സർവെ, വില്ലേജ് ഓഫീസുകളുടെ ആധുനികവൽക്കരണം, എന്റെ ഭൂമി പോർട്ടൽ എന്നിവയിലൂടെ തർക്കരഹിത ഭൂരേഖകൾ ഉള്ള നാടായി സംസ്ഥാനത്തെ മാറ്റുകയാണ് ലക്ഷ്യം. പുനലൂർ പേപ്പർ മില്ലിലെ പട്ടയ പ്രശ്നമാണ് സർക്കാരിന്റെ 'പട്ടയ മിഷൻ' പദ്ധതിയിൽ ആദ്യം പരിഗണിച്ചത്. 'ഭൂരഹിതരില്ലാത്ത പുനലൂർ' പദ്ധതിയും പ്രദേശത്തെ ഭൂമി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ്. പുനലൂരിലെ മരവെട്ടിത്തടത്തിലെ പട്ടയ പ്രശ്നത്തിന് പരിഹാര നടപടികൾ സ്വീകരിച്ച് വരുന്നു. പ്രദേശത്തെ വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അറയ്ക്കൽ വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന പരിപാടിയിൽ പി.എസ് സുപാൽ എം.എൽ.എ അധ്യക്ഷനായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്യ ലാൽ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ജോസ്, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.എസ്. അജയകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ കെ. അജിതകുമാരി, എ.എം. റാഫി, ഷൈനി സജീവ്, എ.ഡി.എം. ജി.നിർമ്മൽ കുമാർ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments