Skip to main content
..

ഭാവിപദ്ധതികളും തുടര്‍പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ച് കുന്നത്തൂര്‍ വികസന സദസ്

വികസന നേട്ടങ്ങളും ഭാവിപദ്ധതികളും അവതരിപ്പിച്ച കുന്നത്തൂര്‍ പഞ്ചായത്ത് വികസന സദസ് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വികസനരേഖ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുന്ദരേശന്‍ പ്രകാശനം ചെയ്തു. ഹരിതകര്‍മ സേനാംഗങ്ങളെയും ആദരിച്ചു.  

ഐവര്‍കാല ഗണപതിയാമുകള്‍, കരിമ്പിന്‍പുഴ, നിലയ്ക്കല്‍ സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിച്ചു. ദുരന്തനിവാരണത്തിന്റെ ഭാഗമായി 100 കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കി. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി വഴി 68 കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ്, മരുന്ന്, പാര്‍പ്പിടം ലഭ്യമാക്കി. മാണിക്യമംഗലം ലക്ഷംവീട് കോളനിയില്‍ 20 കുടുംബങ്ങള്‍ക്ക് കിണര്‍ നിര്‍മിച്ചു. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 116 പൊതുവിഭാഗത്തിനും 169 പട്ടികജാതി വിഭാഗത്തിനും ഭവനം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബോബി ഫ്രാന്‍സിസ് അവതരിപ്പിച്ചു.

ഓപ്പണ്‍ ഫോറത്തില്‍ ഗ്രാമീണ റോഡ് നവീകരണം, കാട് വെട്ടി തെളിക്കല്‍, പുഴയിലെ മാലിന്യനിക്ഷേപം, കുടിവെള്ള വിതരണ പദ്ധതി സംബന്ധിച്ച് ചര്‍ച്ച നടത്തി. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വത്സലകുമാരി അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട്, സ്ഥിരംസമിതി അംഗങ്ങളായ ഡാനിയല്‍ തരകന്‍, ടി.ശ്രീലേഖ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍.രാജി, പഞ്ചായത്ത് അംഗങ്ങളായ രശ്മി രഞ്ജിത്ത്, ബി.അരുണാമണി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പ്രീത സുനില്‍ എന്നിവര്‍ പങ്കെടുത്തു.
 

 

date