വികസന നേട്ടങ്ങൾ അവതരിപ്പിച്ച് നീണ്ടകര വികസന സദസ്
വികസന നേട്ടങ്ങൾ ചർച്ച ചെയ്ത നീണ്ടകര ഗ്രാമപഞ്ചായത്ത് വികസന സദസ് പരിമണം ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ മുഖ്യാതിഥിയായി.
അതിദാരിദ്ര്യ നിർമാർജന പദ്ധതി വഴി ഏഴു കുടുംബങ്ങൾക്ക് സഹായം നൽകിവരുന്നു. കുടുംബശ്രീയുമായി ചേർന്ന് ഉജ്ജീവനം പദ്ധതി വഴി സ്വയംതൊഴിൽ സംരംഭ ധനസഹായം നൽകി. 143 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതി വഴി വീട് നൽകി. ആരോഗ്യമേഖലയിലൂടെ 32,65,282 രൂപ ചെലവഴിച്ചു. 267 പട്ടികജാതി വിഭാഗക്കാരായ കുട്ടികൾക്ക് പഠനമറി, സ്റ്റഡി ടേബിൾ നൽകി. കാർഷിക മേഖലയ്ക്കായി 65,68,422 രൂപ ചെലവഴിച്ചു. സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവർക്കായി 13,578,452 രൂപ നൽകി. മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി 53,43,749 രൂപ നൽകി. തെരുവ്നായ്ക്കളുടെ പ്രജനന നിയന്ത്രണത്തിനായി എ.ബി.സി പദ്ധതി നടപ്പിലാക്കി. ട്രോൾ വലകളിൽ കുരുങ്ങുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കരയിൽ എത്തിച്ചു റീസൈക്കിൾ ചെയ്യുന്ന ശുചിത്വ സാഗരം പദ്ധതിയും നടപ്പിലാക്കിയതായി വികസനസദസിൽ വ്യക്തമാക്കി.
സംസ്ഥാനസർക്കാരിന്റെ വികസന നേട്ടങ്ങൾ കില റിസോഴ്സ്പേഴ്സൺ പന്മന മജീദ് അവതരിപ്പിച്ചു. വിവര പൊതുജന സമ്പർക്ക വകുപ്പ് തയ്യാറാക്കിയ വീഡിയോ പ്രദർശിപ്പിച്ചു. പഞ്ചായത്ത്തല വികസന നേട്ടങ്ങൾ പഞ്ചായത്ത് സെക്രട്ടറി മേരിസൺ മൈക്കിൾ വീഡിയോ പ്രദർശനത്തിലൂടെ അവതരിപ്പിച്ചു. സദസിനോട് അനുബന്ധിച്ച് നീണ്ടകര ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസ്സും സംയുക്തമായി തൊഴിൽമേളയും സംഘടിപ്പിച്ചു.
നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് കെ.രാജീവൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർലി ഹെൻട്രി, സ്ഥിരംസമിതി അധ്യക്ഷരായ യു.ബേബി രാജൻ, എസ്.സേതുലക്ഷ്മി, രമ്യ വിനോദ്, പഞ്ചായത്ത് മുൻ അംഗങ്ങളായ എം.രജനി, പി.ആർ.രഞ്ജിത്ത്, പഞ്ചായത്ത് അംഗം ബി.അനിൽകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ദിവ്യ കിരൺ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സെബാസ്റ്റ്യൻ ബി മോറിസ് എന്നിവർ പങ്കെടുത്തു.
- Log in to post comments