Skip to main content

ഭൂമി തരംമാറ്റം അദാലത്ത്; 2313 അപേക്ഷകള്‍ പരിഹരിച്ചു

ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ 2313 അപേക്ഷകള്‍ക്ക് പരിഹാരമായി. ജില്ലയില്‍ 25 സെന്റിന് താഴെയുള്ള സൗജന്യ ഭൂമി തരംമാറ്റത്തിനായി 2025 ഓഗസ്റ്റ് 31 വരെ ലഭിച്ച അപേക്ഷകളില്‍ നിന്ന് 3532 എണ്ണമാണ് പരിഗണിച്ചത്. കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍. കരുനാഗപ്പള്ളി അപേക്ഷകള്‍ -1982, പരിഹരിച്ചത് -1114, കൊല്ലം അപേക്ഷകള്‍ - 945, പരിഹരിച്ചത് - 585.

ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അദാലത്ത് ഉദ്ഘാടനം ചെയ്തു. എ.ഡി.എം ജി നിര്‍മല്‍കുമാര്‍ അധ്യക്ഷനായി. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ ജില്ലകളിലും അദാലത്തുകള്‍ സമയബന്ധിതമായി നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക എസ്.ഒ.പി തയ്യാറാക്കുകയും, റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് പ്രൊഫോര്‍മയും നല്‍കിയിരുന്നു. ശേഷിക്കുന്ന അപേക്ഷകളിലും ഉടന്‍ പരിഹാരം കാണുമെന്നും അറിയിച്ചു.

ഡെപ്യൂട്ടി കലക്ടര്‍മാരായ ആര്‍ രാകേഷ് കുമാര്‍, എഫ്. റോയ്കുമാര്‍, ആര്‍ ബീന റാണി, കൊല്ലം ആര്‍.ഡി.ഒ ജി കെ പ്രദീപ്, പുനലൂര്‍ ആര്‍.ഡി.ഒ ജി സുരേഷ് ബാബു, എച്ച.എസ് റാം ബിനോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

date